SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

കാതോലിക്കാബാവ വിശ്വാസ സംരക്ഷകൻ,  നിലപാടുകളിൽ കാർക്കശ്യം

bava

കൊച്ചി: പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീവർഗീസ് ഗ്രിഗോറിയോസിന്റെ നാലാം തലമുറക്കാരൻ, പ്രതിസന്ധിഘട്ടങ്ങളിൽ സഭയെ നയിച്ച ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്റെ പിൻഗാമി. വിശ്വാസ സംരക്ഷണത്തിൽ വിട്ടുവീഴ്‌ചയില്ല. കർശന നിലപാടുകളിലും സമന്വയത്തിന് തയ്യാർ. മലങ്കര യാക്കോബായ സുറിനാനി സഭയുടെ പുതിയ കാതോലിക്കബാവ ജോസഫ് ഗ്രിഗോറിയോസ് വിശ്വാസികളുടെ പ്രിയങ്കരൻ.

ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയിൽ പാത്രിയാർക്കീസ് ബാവ കഴിഞ്ഞാൽ അടുത്ത ഉന്നതപദവിയാണ് കാതോലിക്ക. ആഗോളസഭയുടെ 81-ാമത്തെ കാതോലിക്കയാണ് ജോസഫ് ഗ്രിഗോറിയോസ്. സഭാഭരണത്തിൽ തന്നെ സഹായിക്കാനാണ് വിവിധ രാജ്യങ്ങളിൽ കാതോലിക്കാമാരെ പാത്രിയാർക്കീസ് ബാവ നിയമിക്കുന്നത്. സാർവലൗകികം എന്നാണ് കാതോലിക്ക എന്ന വാക്കിന്റെ അർത്ഥം.

ആത്മീയ കാര്യങ്ങളിൽ അഗാധപാണ്ഡിത്യം ജോസഫ് ഗ്രിഗോറിയോസിനുണ്ട്. ചെറുപ്പം മുതൽ വിശ്വാസവഴികളിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന് സഭാഭരണത്തിന്റെ എല്ലാവശങ്ങളും വ്യക്തമായറിയാം. ഉറച്ച ആത്മവിശ്വാസവും വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെ പോകാനും മടിയില്ല. എന്നാൽ, സമാധാനത്തിനായി സമന്വയത്തിന്റെ വഴി സ്വീകരിക്കാൻ അദ്ദേഹത്തിന് മടിയുമില്ല.

പരുമല തിരുമേനിയുടെ നാലാം തലമുറക്കാരൻ

മലങ്കര സുറിയാനി സഭയുടെ വിശുദ്ധനായ പരുമല തിരുമേനി ചാത്തുരുത്തിയിൽ ഗീവർഗീസ് ഗ്രിഗോറിയോസിന്റെ നാലാം തലമുറയിലെ അംഗമാണ് ജോസഫ് ഗ്രിഗോറിയോസ് കാതോലിക്കാബാവ. മുളന്തുരുത്തി പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തട്ടയിൽ വീട്ടിൽ പരേതനായ വർഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ 10നാണ് ജനനം. 13ാം വയസിൽ സ്‌കൂൾ പഠനകാലത്ത് ശെമ്മാശപ്പട്ടം സ്വീകരിച്ചു. പെരുമ്പിള്ളി യൂലിയോസ് സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും അയർലൻഡിലെ സെന്റ് പാട്രിക് കോളേജിൽ നിന്ന് വേദശാസ്ത്രത്തിലും ബിരുദം നേടി. ഡബ്ളിൽ സർവകലാശാലയിൽ നിന്ന് എം.ഫിലും അമേരിക്കയിൽ നിന്ന് ക്ളിനിക്കൽ പാസ്റ്ററർ ആൻഡ് കൗൺസിലിംഗിംൽ ഡിപ്ളോമയും നേടി.

 33-ാം വയസിൽ മെത്രാപ്പൊലീത്ത

23-ാം വയസിൽ കശീശപട്ടം നേടി. ബംഗളൂരുവിൽ വികാരിയായാണ് തുടക്കം. 1993 ഡിസംബറിൽ 33-ാം വയസിൽ കൊച്ചി ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി. 23 വർഷം ഭദ്രാസന മെത്രാപ്പൊലീത്തയായി. 18 വർഷം സുന്നഹദോസ് സെക്രട്ടറിയായി. ഗൾഫ്, യൂറോപ്പ് ഭദ്രാസനങ്ങളുടെയും ചുമതല വഹിച്ചു. 2019 മുതൽ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി പ്രവർത്തിക്കുകയായിരുന്നു.

ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനാരോഗ്യത്തെ തുടർന്ന് ജോസഫ് ഗ്രിഗോറിയോസിനെ കാതോലിക്കോസ് അസിസ്റ്റന്റായി നിയമിച്ചിരുന്നു. പിൻഗാമിയായി ജോസഫ് ഗ്രിഗോറിയോസിനെ നിയമിക്കണമെന്ന് ബാവ വിൽപ്പത്രത്തിൽ നിർദ്ദേശിച്ചിരുന്നു. ശ്രേഷ്ഠബാവ കാലം ചെയ്തതിനെ തുടർന്ന് കാതോലിക്കാബാവയുടെ ചുമതല അദ്ദേഹത്തിന് നൽകിയിരുന്നു.

സണ്ണി, ഉമ്മച്ചൻ, പരേതയായ ശാന്ത എന്നിവരാണ് സഹോദരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CATHOLIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL