
കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചിയിലെ 'മറൈൻ എക്കോ സിറ്റി' നിർമ്മാണം ഈ വർഷം തുടങ്ങും. പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ പദ്ധതി അവലോകന യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ കർശന നിർദ്ദേശം നൽകി. കേന്ദ്രത്തിൽ നിന്നുള്ള വിവിധ അനുമതി പത്രങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മറൈൻ സിറ്റിയുടെ പുതുക്കിയ രൂപരേഖയും എസ്റ്റിമേറ്റും നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ (എൻ.ബി.സി.സി) വിദഗ്ദ്ധ പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന്റെ ടെൻഡർ നടപടികളും വിവരിച്ചു. ആദ്യ ഘട്ടത്തിൽ 25 നിലകളിലായി 152 ഫ്ളാറ്റുകളാണ് നിർമ്മിക്കുന്നത്. ഇതിൽ മൂന്ന് നിലകൾ വാഹന പാർക്കിംഗിനുള്ളതാണ്. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ജിം, ഓഫീസ് ഇടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ടാകും.
2,399 കോടി
2,399 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മറൈൻ എക്കോ സിറ്റിയുടെ വിപണന മൂല്യം 3,570 കോടിയാണ് 2,47,000 ചതുരശ്ര അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയം, 85,651 ചതുരശ്ര അടി വിസ്തീർണമുള്ള കൺവെൻഷൻ സെന്ററും 40 അതിഥി മുറികളുള്ള ഹോട്ടലും ഭവന നിർമ്മാണ ബോർഡിന് സ്വന്തമായി ലഭിക്കുന്ന രീതിയിലാണ് പദ്ധതി. കൂടാതെ ആഡംബര ഹരിത പാർപ്പിട സമുച്ചയങ്ങളിൽ 3 ബി.എച്ച്.കെ, 4 ബി.എച്ച്.കെ ഫ്ളാറ്റുകളുണ്ടാകും.
ടെൻഡർ ഡി.വി.പി.എല്ലിന്
486.38 കോടി രൂപയായിരുന്നു ആദ്യഘട്ട പദ്ധതി തുക. റായ്‌പൂരിലെ ഡി.വി പ്രൊജക്ട്‌സ് ലിമിറ്റഡ് 460.60 കോടിയും ഡൽഹിയിലെ സ്വദേശി സിവിൽ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 506.72 കോടിയുമാണ് ക്വാട്ട് ചെയ്തത്. ടെൻഡർ തുകയേക്കാൾ 5.3 ശതമാനം കുറവാണ് ഡി.വി.പി.എല്ലിന്റേത്. നിർമ്മാണക്കരാർ ഇവർക്ക് നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.
ഇതുവരെലഭിച്ച അനുമതി
തീരദേശ ക്ലിയറൻസ്
പ്രീ സർട്ടിഫിക്കേഷൻ
3 സ്റ്റാർ സർട്ടിഫിക്കേഷൻ
എയർപോർട്ട് എൻ.ഒ.സി
ഫയർഫോഴ്‌സ് എൻ.ഒ.സി
പാരിസ്ഥിതിക അനുമതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |