
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നിർമ്മിക്കുന്ന സിന്തറ്റിക് ഹോക്കി ടർഫിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. കൃത്രിമ പുല്ലുള്ള ടർഫ് വിരിക്കൽ ആരംഭിച്ചു. അടുത്ത മാസം ആദ്യവാരം പൂർത്തിയാകും. ഏപ്രിലിൽ ഉദ്ഘാടനം നടക്കും. വർഷങ്ങളായുള്ള ഹോക്കി താരങ്ങളുടെ ആവശ്യം ഇതോടെ നിറവേറും.
ഉദ്ഘാടനത്തോടൊപ്പം അഖിലേന്ത്യ ചാമ്പ്യൻഷിപ്പിന് വേദിയാകാൻ എറണാകുളം ഹോക്കി അസോസിയേഷൻ ഇതികം കോളേജ് അധികൃതരെയും സ്‌പോർട്‌സ് കൗൺസിലിനെയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുല്ലും ചെളിയുമായിരുന്ന ഗ്രൗണ്ട് നവീകരിക്കണമെന്നാവശ്യപ്പെട്ട് ഹോക്കി ലൗവേഴ്സ് നെൽക്കതിർ ഉയർത്തിവരെ പ്രതിഷേധിച്ചിരുന്നു. 2024 മേയിലാണ് ടർഫ് നിർമ്മാണത്തിന് ധാരണയായത്.
മോശം
വേനൽമഴ കാരണം നിർമ്മാണത്തിന് ചെറിയ തടസമുണ്ടായി. ടർഫ് വിരിക്കുന്നതിനൊപ്പം ഇന്റർലോക്ക് കട്ട വിരിക്കലും പമ്പ് റൂം നിർമ്മാണവും പുരോഗമിക്കുന്നു. ഗ്യാലറിയില്ലെന്നത് പോരായ്മയാണ്. ഗ്യാലറിക്ക് ഇനി സ്ഥലവും കഷ്ടി. ചാമ്പ്യൻഷിപ്പുകൾക്ക് താത്കാലിക ഗ്യാലറി നിർമ്മിക്കേണ്ടിവരും. സ്ഥിരം ഗ്യാലറിക്കുള്ള സാദ്ധ്യതയും തേടുന്നുണ്ട്.
9.51 കോടി
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (ഐ.എച്ച്.എഫ് ) മാനദണ്ഡം പാലിച്ചാണ് ടർഫിന്റെ നിർമ്മാണം. 9.51കോടിയാണ് ചെലവ്. സി.എസ്.എം.എൽ ഫണ്ടാണ്. ഗ്രേറ്റ് സ്‌പോർട്‌സ് ടെക് ലിമിറ്റഡാണ് നിർമ്മാണം. ഡൽഹിസംഘമാണ് ടർഫ് വിരിക്കുന്നത്. ടർഫ് നനയ്ക്കാനുള്ള വെള്ളടാങ്ക് നേരത്തേ നിർമ്മിച്ചിരുന്നു.
ചാമ്പ്യൻഷിപ്പുകൾ വരും
തിരുവനന്തപുരം ജി.വി രാജ സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയാണ് കേരളത്തിലെ സിന്തറ്റിക്ക് ഹോക്കി ടർഫുകൾ. ഇവിടെയാണ് ബഹുഭൂരിഭാഗം ചാമ്പ്യൻഷിപ്പുകളും നടക്കുന്നത്. എറണാകുളത്ത് സിന്തറ്റിക് ടർഫ് വരുന്നതോടെ കൂടുതൽ ചാമ്പ്യൻഷിപ്പുകൾക്ക് വഴിതുറക്കും. താമസസൗര്യത്തിനടക്കം സാദ്ധ്യതകൾ ഏറെയുള്ളതും അനുകൂലമാണ്.
നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. വേനൽ മഴ ബാധിച്ചിരുന്നു.
എസ്. നൗഫൽ
പ്രൊജക്ട് എൻജിനിയർ
വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. അതിയായ സന്തോഷമുണ്ട്. നിരവധി താരങ്ങളെ വാർത്തെടുക്കാൻ വഴിയൊരുക്കും
ഇ.എം. ഷാജി
മുൻ ദേശീയ ഹോക്കിതാരം
സീനിയർ വൈസ് പ്രസിഡന്റ്
എറണാകുളം ഹോക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |