
കൊച്ചി: മുൻ ഡി.ജി.പി ബി. സന്ധ്യ ഉൾപ്പെടെ പൊലീസ് സേനയിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ 21പേരുടെ ചെറുകഥാ സമാഹാരം 'കഥാക്ഷരങ്ങൾ" പ്രകാശനത്തിനൊരുങ്ങി. സിവിൽ പൊലീസ് ഓഫീസർ മുതൽ ഡി.ജി.പി വരെ 200ൽപ്പരം കലാകാരന്മാരുടെ 'അക്ഷരദീപം" വാട്സ്ആപ്പ് കൂട്ടായ്മയാണ് പ്രസാധകർ. അവരുടെ രണ്ടാമത്തെ പ്രസിദ്ധീകരണമാണിത്.
19ന് വൈകിട്ട് 5ന് തൃശൂർ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ പ്രകാശനം നടക്കും.
ഓരോരുത്തരും ഔദ്യോഗിക ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യാവസ്ഥകളും സാമൂഹ്യ ചുറ്റുപാടുകളും ഭാവനാത്മകമായി അവതരിപ്പിച്ച വ്യത്യസ്തമായ കഥകളാണ് സമാഹാരത്തിലുള്ളത്. കൂട്ടായ്മയിലെ അംഗങ്ങളുടെ രചനകളിൽ നിന്ന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ സുരേന്ദ്രൻ മങ്ങാട്ട് പ്രസിദ്ധീകരണത്തിനുള്ളവ തെരഞ്ഞെടുത്തു. കാർട്ടൂണിസ്റ്റും കലാകാരനുമായ മുൻ സബ് ഇൻസ്പെക്ടർ രേഖ വെള്ളത്തൂവൽ കഥാക്ഷരങ്ങളുടെ പുറം ചട്ട തയ്യാറാക്കി.
നോവൽ, ചെറുകഥ, കവിത, ഉപന്യാസം തുടങ്ങിയ സാഹിത്യമേഖലകളിലും ചിത്രകല, സംഗീതം, ഗാനരചന, ആലാപനം തുടങ്ങിയ കലാരംഗങ്ങളിലും കഴിവും അഭിരുചിയുള്ള പൊലീസുകാർ ചേർന്ന് 2023 മാർച്ച് 5നാണ് അക്ഷരദീപം വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ബി.സന്ധ്യയുടെ 'സംയകം" എന്ന കവിതാസമാഹാരം കഴിഞ്ഞമാസം 18ന് തിരുവനന്തപുരത്ത് കൂട്ടായ്മ പ്രകാശനം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |