
കൊച്ചി: ഡയറക്ട് മാർക്കറ്റിംഗ് എന്ന വൻകിട തട്ടിപ്പ് അനുദിനം തുടരുമ്പോഴും പരാതികൾ കണക്കില്ലാതെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കേസുകളിൽ കാര്യമായ നടപടികളില്ല. കോഴിക്കോട് സ്വദേശിയായ യുവാവ് വർഷങ്ങൾക്ക് മുമ്പ് വൻകിട കറിപ്പൊടി സ്ഥാപനത്തിനെതിരെ നൽകിയ പരാതിയും ഇതിൽപ്പെടും. പകരം ഇയാൾ കമ്പനിയെ അപകീർത്തിപ്പെടുത്തിയെന്ന് കമ്പനി ഇയാൾക്കെതിരെ പരാതി നൽകി.
കൊച്ചി ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ മറ്റു ജില്ലകളിലെ ശാഖകളിലടക്കം 100-ലേറെ യുവാക്കളാണ് തൊഴിൽ ചൂഷണത്തിന് ഇരയായിട്ടുള്ളത്.
സ്ഥാപനത്തിനുള്ളിൽ യുവാക്കൾക്ക് നേരിടേണ്ടിവരുന്ന ശാരീരിക മാനസിക പീഡനങ്ങളും നിരവധിയാണ്. പൊലീസിൽ പരാതി നൽകിയ യുവാവിന് അന്ന് നേരിടേണ്ടിവന്നത് കടുത്ത അപമാനവും പരിഹാസവുമായിരുന്നു. ശരിയായ രീതിയിൽ കേസ് അന്വേഷിക്കാൻ പോലും അന്ന് പൊലീസ് തയ്യാറായിരുന്നില്ല. ലേബർ കമ്മീഷണറുടെ ഉൾപ്പെടെ ഭാഗത്തുനിന്ന് പരിഹാസം നേരിട്ടു. കേസിൽ ഏപ്രിൽ 27-നാണ് എറണാകുളത്തെ കോടതിയിൽ വാദം നടക്കുക.
സമാനമായ അനുഭവങ്ങൾ ഉള്ളതിനാലാണ് യുവാക്കൾ പരാതിപ്പെടാൻ മടിക്കുന്നതും തൊഴിൽ ചൂഷണങ്ങൾ നിർബാധം തുടരാനും കാരണം. ഇത്രയേറെ നടുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായില്ലെന്നതും ശ്രദ്ധേയം.
ജോലിക്ക് പോകാനുള്ള സ്ഥാപനങ്ങൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കണം. ലേബർ ആക്ട് പ്രകാരമുള്ള മിനിമം വേതനം ലഭിക്കുമോ എന്നും പരിശോധിക്കണം. കമ്പനി നിയമാനുസൃതമല്ലെന്ന് തെളിയുകയോ ശാരീരിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ ലഭിക്കുകയോ ചെയ്യുന്നത് മുതലാണ് പൊലീസിന് ഇടപെടാനാകുക
പി. രാജ്കുമാർ
അസി. കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്
മാർക്കറ്റിംഗ് കമ്പനികളിൽ തൊഴിലാളികളെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം
കെ.ആർ. റെനീഷ്
ജില്ലാ സെക്രട്ടറി
എ.ഐ.വൈ.എഫ്
തൊഴിൽ തട്ടിപ്പുകളുടെ എണ്ണം പെരുകുകയാണ്. അപരിഷ്‌കൃതമായ പീഡനങ്ങൾ പല കമ്പനികളിലും തുടരുന്നുണ്ട്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധിക്കും
അമൽ സോഹൻ
ജില്ലാ ജോയിന്റ് സെക്രട്ടറി
ഡി.വൈ.എഫ്.ഐ
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി തന്നെ ഇല്ലാതാക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും തട്ടിപ്പുകൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്ന് വരണം.
കെ.എസ്. ഷൈജു
ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |