
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന സംഘത്തിൽപ്പെട്ടയാളെ ആലുവ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷന് സമീപം മുല്ലോത്ത്കാട് വീട്ടിൽ അനന്തു കൃഷ്ണനാണ് (27) കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.
സമൂഹ മാദ്ധ്യമമായ സ്‌കൈപ്പും മൊബൈൽഫോണും ഉപയോഗിച്ചാണ് സംഘം ആളുകളെ ബന്ധപ്പെടുന്നത്. ഇവരുടെ കെണിയിൽപ്പെട്ട് 27 ലക്ഷം രൂപ നഷ്ടമായ കുന്നത്തുനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇ.ഡി അധികൃതരെന്ന വ്യാജേന പരാതിക്കാരനെ വിളിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തതായും ഇതിൽ 400 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയെന്നും തട്ടിപ്പുസംഘം അറിയിച്ചു. കേസിൽ നിന്ന് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു. കേസിലകപ്പെടുമെന്ന് ഭയന്ന കുന്നത്തുനാട് സ്വദേശി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 27,49,898 രൂപ തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് അയച്ചു. ഇങ്ങനെ കൈമാറിയ പണം അനന്തുകൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പുസംഘം അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |