SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കളമശേരിയിൽ പരീക്ഷ കടുപ്പം

kalamassery
കളമശേരി

കൊച്ചി: വ്യവസായങ്ങൾക്ക് പേരുകേട്ട കളമശേരി മണ്ഡലത്തിൽ ഇക്കുറി തീപാറും പോരാട്ടമാണ്. മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫിനായി വ്യവസായ മന്ത്രി പി. രാജീവും തിരിച്ചുപിടിക്കാൻ മുൻ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറുമാണ് കളത്തിൽ. ബി.ഡി.ജെ.എസ് സംസ്ഥാന നേതാവായ എം.പി. ബിനുവും എൻ.ഡി.എയ്ക്കായി സജീവം. ആദ്യഘട്ട പ്രചാരണം പൂർത്തിയാകുമ്പോൾ പറയാൻ ഒന്നേയുള്ളൂ. മത്സരം കടുക്കും.

2008ൽ രൂപീകരിച്ച കളമശേരി മണ്ഡലത്തിൽ 2011ലായിരുന്നു ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. സി.പി.എമ്മിലെ കെ. ചന്ദ്രൻപിള്ളയെ 7,789 വോട്ടിന് പരാജയപ്പെടുത്തി വി.കെ. ഇബ്രാഹിം കുഞ്ഞ് മണ്ഡലത്തിലെ ആദ്യ എം.എൽ.എയായി. 2016ൽ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിന്റെ എ.എം. യൂസഫും ഇബ്രാഹിം കുഞ്ഞിനോട് കീഴടങ്ങി. 2021ൽ ചിത്രം മാറി. ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ കന്നി അങ്കത്തിൽ 15,336 വോട്ടുകൾക്ക് പരാജയപ്പെടുത്തി പി. രാജീവ് മണ്ഡലം ചുവപ്പിച്ചു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കിൽ ഹൈബി ഈഡന് കളമശേരിയിൽ വൻ ഭൂരിപക്ഷം.

 തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റവും ഇടത് മുന്നണിക്ക് ആശങ്ക.

കളമശേരി നഗരസഭയിൽ ഭരണം നിലനിറുത്തിയതും ആലങ്ങാടും കരുമാലൂരുമടക്കം പിടിച്ചെടുത്തതും യു.ഡി.എഫ് തരംഗത്തിന്റെ സൂചനയായി വിലയിരുത്തുന്നു.

ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ അനുകമ്പാതരംഗവും ഉണ്ടായേക്കാം.

പി. രാജീവിന്റെ നോട്ടം വികസനത്തിൽ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പി. രാജീവ് വോട്ട് തേടുന്നത്. വ്യവസായ മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തും മണ്ഡലത്തിലും രാജീവ് നടത്തിയ വികസന പ്രവർത്തനങ്ങൾ നേട്ടമാകുമെന്നും സി.പി.എം. കണക്കുകൂട്ടുന്നു. ജില്ലയിൽ ഇടത് മുന്നണിക്ക് വിജയം പ്രതീക്ഷിക്കുന്ന ഏഴ് മണ്ഡലങ്ങളിൽ ഒന്നാണ് കളമശേരി. 2011ൽ കളമശേരിയിൽ 8,438 വോട്ട് നേടിയ എൻ.ഡി.എ 2016ൽ വോട്ട് 24,244 ആയി ഉയർത്തി. 2021ൽ ഇത് 11,179 ആയി ചുരുങ്ങി. ഇക്കുറി വോട്ട് കൂട്ടാമെന്ന് കണക്കുകൂട്ടലിലാണ് എൻ.ഡി.എ. ഇതും നിർണായകമാകും.

 നിയമസഭയിൽ എത്തിയത്
2011- വി.കെ. ഇബ്രാഹിം കുഞ്ഞ് - മുസ്ലീം ലീഗ്
2016- വി.കെ. ഇബ്രാഹിം കുഞ്ഞ്- മുസ്ലീം ലീഗ്
2021- പി. രാജീവ് - സി.പി.എം

 കളമശേരി മണ്ഡലം
1 കളമശേരി മുനിസിപ്പാലിറ്റി
2 ഏലൂർ മുനിസിപ്പാലിറ്റി
3 ആലങ്ങാട് പഞ്ചായത്ത്
4 കടുങ്ങല്ലൂർ പഞ്ചായത്ത്
5 കരുമാല്ലൂർ പഞ്ചായത്ത്
6 കുന്നുകര പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL