SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഹോട്ടലുടമ

biju

കൊച്ചി: കളഞ്ഞുകിട്ടിയ മൂന്നുപവന്റെ മാല ഉടമയ്ക്ക് തിരികെ നൽകി ഹോട്ടലുടമ. കടവന്ത്ര പൊലീസ് സ്റ്റേഷന് സമീപത്തെ ഇലയൂൺ ഹോട്ടൽ നടത്തിപ്പുകാരനായ പെരുമ്പളം സ്വദേശി പി.ബിജുവാണ് (48) മാതൃകയായത്. കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിന്റെ തിരക്കിനിടെ ഹോട്ടലിന് മുന്നിലിറങ്ങിയപ്പോഴാണ് സമീപത്തെ മരച്ചുവട്ടിൽ സ്വർണമാലയുമായി ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കളഞ്ഞുകിട്ടിയതാണെന്ന് പറഞ്ഞ് ഇയാൾ മാല ബിജുവിന് കൈമാറി. ഭക്ഷണം കഴിച്ചിറങ്ങിയ ആരുടെയോ മാലയാണെന്ന് കരുതിയ ബിജു അത് കടയിൽ സൂക്ഷിച്ചു. മാലയുടെ താലിഭാഗം നഷ്ടപ്പെട്ടിരുന്നു.

രാത്രി എറണാകുളം സ്വദേശിയായ യുവതി ഹോട്ടലിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. വൈറ്റിലയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരിയെ കണ്ട് മടങ്ങുന്നതിനിടെ കടവന്ത്രയിലെ ഹോട്ടലിൽ ഭക്ഷണത്തിന് എത്തിയിരുന്നുവെന്നും വീട്ടിലെത്തിയപ്പോഴാണ് മാല കാണാനില്ലെന്ന് അറിഞ്ഞതെന്നും യുവതി പറഞ്ഞു.

ശനിയാഴ്ച കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ. ആർ. ബിജുവിന്റെ സാന്നിദ്ധ്യത്തിൽ യുവതിയും ഭർത്താവും ബിജുവിൽ നിന്ന് മാല ഏറ്റുവാങ്ങി. താലി നഷ്ടപ്പെട്ടെങ്കിലും മാല തിരികെ ലഭിച്ചതിൽ നന്ദി പറഞ്ഞാണ് ദമ്പതികൾ മടങ്ങിയത്. ഏതാനും മാസം മുമ്പ് ഏറ്റുമാനൂർ സ്വദേശികൾ മകളുടെ വിവാഹാവശ്യത്തിന് എറണാകുളത്ത് എത്തിയപ്പോൾ ഹോട്ടലിൽ മറന്നുവച്ച ബാഗ് സുരക്ഷിതമായി കൈമാറിയതും ബിജുവായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് അന്ന് ബാഗിലുണ്ടായിരുന്നത്.

കൈപ്പുണ്യമുള്ള പാചകക്കാരൻ കൂടിയായ ബിജു, ഭാര്യ വിനിതയുമായി ചേർന്ന് 12 കൊല്ലമായി കടവന്ത്രയിൽ ഹോട്ടൽ നടത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL