SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.54 AM IST

നാല് ജോഡി ഷൂസിലും ഫ്ലാസ്കിലും ഒളിപ്പിച്ചത് 3 കിലോ കഞ്ചാവ്

sox
ഷൂസുകളിലും ഫ്ലാസ്കിലും ഒളിപ്പിച്ചു കടത്തിയ കഞ്ചാവ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടികൂടിയപ്പോൾ

കൊച്ചി: സ്പോർട്സ് ഷൂകളിലും ഫ്ലാസ്കിലും അതിവിദഗ്‌ദ്ധമായി ഒളിപ്പിച്ച് ട്രെയിനിൽ കടത്തിയ 3 കിലോ കഞ്ചാവ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടികൂടി. ആർ.പി.എഫും റെയിൽവേ പൊലീസും അർദ്ധരാത്രിയിൽ സംയുക്തമായി നടത്തിയ മിന്നൽപരിശോധനയിൽ ആറാം നമ്പർ പ്ലാറ്റ്ഫോമിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പ്ളാറ്റ്ഫോമിന്റെ വടക്കേയറ്റത്തെ നടപ്പാലത്തിന് അടിയിൽ കിടന്ന ഷോൾ‌ഡർ ബാഗിലാണ് നാല് ജോഡി ഷൂസും ഒരു ഫ്ലാസ്കും കിട്ടിയത്. ഉടമസ്ഥനില്ലാത്ത ബാഗിലെ ഷൂസുകൾ പുറത്തെടുത്ത് പരിശോധിച്ചപ്പോൾ സോക്സിൽ ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് തിരുകി വച്ചതായി കണ്ടു. ഒറ്റനോട്ടത്തിൽ ഷൂസിനകത്ത് സോക്സ് വച്ചതായേ തോന്നുകയുള്ളൂ. നാല് ജോഡി ഷൂസുകളിലെ എട്ട് സോക്സുകളിലും കഞ്ചാവുണ്ടായിരുന്നു. ഫ്ലാസ്ക് തുറന്നതോടെ അതിലും കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

എറണാകുളം സൗത്ത് ആർ.പി.എഫ് സി.ഐ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ ക്രൈം പ്രിവന്റീവ് ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും (സി.പി.ഡി.എസ്) റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവുമാണ് പരിശോധന നടത്തിയത്. കഞ്ചാവ് കണ്ടെത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് അന്യസംസ്ഥാനത്ത് നിന്നുള്ള ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയിരുന്നു. ഈ ട്രെയിനിലാകാം കഞ്ചാവ് കടത്തിയതെന്ന് സംശയിക്കുന്നു. ബാഗുമായി നീങ്ങിയ ആൾ ആർ.പി.എഫ് സംഘത്തെ കണ്ട് ഉപേക്ഷിച്ച് കടന്നതായി അനുമാനിക്കുന്നു.

പ്ലാറ്റ്ഫോമുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാണെന്ന് സി.ഐ ബിനോയ് ആന്റണി പറഞ്ഞു. കഴിഞ്ഞ 29ന് 60 കിലോ കഞ്ചാവ് സൗത്ത് സ്റ്റേഷനിൽ പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL