SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കായലിൽ ചാടിയ യുവതിക്ക് രക്ഷകരായി കൊച്ചി പൊലീസ്

terminal

കൊച്ചി: കുടുംബപ്രശ്നങ്ങളെത്തുടർന്ന് കായലിൽ ചാടിയ യുവതിക്ക് രക്ഷാകരമേകി കൊച്ചി പൊലീസ്. കായലിലെ ഒഴുക്കിൽപ്പെട്ട് മുങ്ങിയും പൊങ്ങിയും നീങ്ങിയ യുവതിയെ സാഹസികമായി പൊലീസും ഹോംഗാർഡും നാട്ടുകാരനും ചേർന്ന് രക്ഷപ്പെടുത്തി. രാവിലെ 9.30ഓടെ ഗോശ്രീ ഒന്നാം പാലത്തിൽനിന്ന് മറൈൻ ഡ്രൈവ് ഭാഗത്തേക്ക് യുവതി ചാടുകയായിരുന്നു. പാലം വഴി പോയ ബൈക്ക് യാത്രക്കാരനാണ് ബോൾഗാട്ടി ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന കൊച്ചി വെസ്റ്റ് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ എസ്.ഐ ജി. ബൈജുവിനോടും സീനിയർ സി.പി.ഒ പി.ജി. സുരേഷ്കുമാറിനോടും വിവരം പറഞ്ഞത്. ചാത്യാത്ത് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ഷാജുമോനും വയർലെസ് സെറ്റിലൂടെ എസ്.ഐക്ക് വിവരം കൈമാറി.

വള്ളവുമായി നാട്ടുകാരൻ

എസ്.ഐ ബൈജുവും എസ്.സി.പി.ഒ സുരേഷ്‌കുമാറും ഉടനെ ബൈക്കിൽ കായലിന്റെ പടിഞ്ഞാറേ കടവിലെത്തി. ഇവിടെനിന്ന് മറൈൻ ഡ്രൈവ് ഭാഗം കാണാമെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഹോംഗാർഡിൽനിന്ന് യുവതി വാട്ടർ മെട്രോ ഭാഗത്തേക്ക് നീങ്ങുന്നതായി വിവരം ലഭിച്ചതോടെ പൊലീസ് അങ്ങോട്ട് തിരിച്ചു. ഇതിനിടെ കടവിലുണ്ടായിരുന്ന നാട്ടുകാരൻ പ്രദീപ് തന്റെ മീൻപിടിത്ത വള്ളവുമായി സഹായത്തിനെത്തി.

'എന്തിനാ എന്നെ രക്ഷിക്കുന്നത്?'

അഞ്ച് മിനിറ്റിനകം യുവതിയെ കണ്ടെത്താനായി. പ്രദീപ് വള്ളം വേഗത്തിൽ തുഴഞ്ഞ് യുവതിക്കടുത്തെത്തിച്ചു. ബൈജുവും സുരേഷ്‌കുമാറും ചേർന്ന് യുവതിയെ പിടിച്ചുയർത്താൻ ശ്രമിച്ചപ്പോൾ "എന്തിനാ എന്നെ രക്ഷിക്കുന്നത്" എന്നായിരുന്നു അവരുടെ പ്രതികരണം. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ആശ്വസിപ്പിച്ച് ഉദ്യോഗസ്ഥർ യുവതിയെ വള്ളത്തിൽ കയറ്റി.

ആശുപത്രിയിലേക്ക്

വാട്ടർ മെട്രോയുടെ ഹൈക്കോടതി ടെർമിനലിന് സമീപം വള്ളം അടുപ്പിച്ചപ്പോൾ പിങ്ക് പൊലീസ് വാഹനവുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ഉടനെ യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തു. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇവർ രാവിലെയാണ് വീടുവിട്ടിറങ്ങിയത്.

ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ. പ്രദീപിന്റെയും ഹോംഗാർഡ് ഷാജുമോന്റെയും സഹായം വിലപ്പെട്ടതാണെന്ന് എസ്.ഐ ബൈജു പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക് അഭിനന്ദനപ്രവാഹമാണ്. ഇതിനിടെ ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽനിന്ന് സ്കൂബ ടീമും സ്ഥലത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL