
കൊച്ചി: ഭരണമാറ്റത്തിന് പിന്നാലെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ) മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്തുനിന്ന് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ നീക്കിയേക്കും. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നാണ് സൂചന. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാറിന്റെയും ഇടനിലക്കാരനെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശനും കോൺഗ്രസും ലോക്‌നാഥ് ബെഹ്റയെ വിശേഷിപ്പിച്ചത്. ബെഹ്റയെ നീക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതായാണ് സൂചന.
ഡി.ജി.പിയായി 2021 ജൂൺ 30ന് വിരമിച്ച ബെഹ്റയെ ആഗസ്‌റ്റ് 28നാണ് കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്‌ടറായി നിയമിച്ചത്. മൂന്നു വർഷമായിരുന്നു കാലാവധി. ഇൻഫോപാർക്ക് പാത നിർമ്മാണം, ജലമെട്രോ വികസനം എന്നിവ ഉൾപ്പെടെ നിർണായക നിർമ്മാണം നടക്കുന്നതിനാൽ കാലവധി നീട്ടണമെന്നാവശ്യപ്പെട്ട് ബെഹ്റ നൽകിയ കത്ത് അംഗീകരിച്ച് 2024 ആഗസ്റ്റിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള പൊലീസിന് പുറമെ റോ ഉൾപ്പെടെ കേന്ദ്ര ഏജൻസികളിലും പ്രവർത്തിച്ചിട്ടുള്ള ബെഹ്റയ്ക്ക് കേന്ദ്ര സർക്കാരിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലും അടുത്ത ബന്ധങ്ങളുണ്ട്.
മുൻമുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ കൊച്ചി മെട്രോ റെയിലിൽ എത്തിച്ചത്. പിണറായി വിജയനും കേന്ദ്ര സർക്കാരും സംഘപരിവാറും തമ്മിലുള്ള ഇടപാടുകളിലെ ഇടനിലക്കാരനാണ് ബെഹ്റയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായാണ് മെട്രോ മാനേജിംഗ് ഡയറക്‌ടർ സ്ഥാനം നൽകിയതെന്നാണ് ആരോപിച്ചിരുന്നത്. മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിച്ചതിന് പിന്നിൽ ബെഹ്റയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. സംഘപരിവാറിന്റെ ഇടനിലക്കാരനാണ് ബെഹ്റയെന്നും പത്മജയെ ബി.ജെ.പിയിലെത്തിച്ചതിലെ പങ്കിൽ കൃത്യമായ ബോദ്ധ്യമുണ്ടെന്നും കഴിഞ്ഞവർഷം വി.ഡി സതീശനും ആരോപിച്ചിരുന്നു.
മെട്രോയ്‌ക്ക് പ്രാധാന്യം നൽകും
തങ്ങൾ തുടക്കമിട്ട കൊച്ചി മെട്രോയുടെ നിർണായക വളർച്ചയ്ക്ക് യു.ഡി.എഫ് പ്രത്യേക ശ്രദ്ധ നൽകും. ഇൻഫോപാർക്ക് പാതയുടെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും വൈകുന്ന സ്ഥിതിയാണ്. വാട്ടർ മെട്രോ ടെർമിനലുകളും പൂർത്തിയായിട്ടില്ല. അങ്കമാലി പാതയും ലക്ഷ്യമിടുന്ന സാഹചര്യത്തിൽ കെ.എം.ആർ.എല്ലിന്റെ തലപ്പത്ത് മാറ്റങ്ങൾക്ക് സർക്കാർ തയ്യാറാകും. ഐ.എ.എസ് ഉദ്യോഗസ്ഥനെ കൊണ്ടുവരാനാണ് പ്രാഥമിക ചർച്ചകൾ ആരംഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |