
പറവൂർ: കുടിവെള്ളം മുടങ്ങിയിട്ട് മൂന്ന് ദിവസമായതോടെ പറവൂർ, വൈപ്പിൻ മേഖലയിലെ ജനങ്ങൾ വെള്ളം കിട്ടാതെ നട്ടംതിരിഞ്ഞു. പുറയാർ റെയിൽവേ ക്രോസിൽ ഫ്ളൈഓവർ നിർമ്മിക്കുന്നതിന്റെ ഭാഗമായി 900 എം.എം പൈപ്പ് ഇന്റർ കണക്ഷൻ ചെയ്യുന്നതിനാണ് 23, 24 തീയതികളിൽ ചൊവ്വരയിൽ നിന്ന് പറവൂർ പമ്പ് ഹൗസിലേക്കുള്ള കുടിവെള്ള വിതരണം നിറുത്തിവച്ചത്. നിർമ്മാണം പൂർത്തിയായ ശേഷം പമ്പിംഗ് ആരംഭിച്ചെങ്കിലും പൈപ്പിൽ ചോർച്ച ഉണ്ടായി. ഇത് പരിഹിക്കാൻ വീണ്ടും നിർമ്മാണം നടത്തേണ്ടിവന്നു.
പറവൂർ നഗരസഭ, കോട്ടുവള്ളി, ഏഴിക്കര ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, വൈപ്പിൻ മേഖലയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ എന്നീ പഞ്ചായത്തുകളിലും കുടിവെള്ളം പമ്പിംഗ് നടത്തുന്നത് പറവൂരിൽ നിന്നാണ്. ഒന്നര ലക്ഷത്തോളം ഉപഭോക്താക്കളാണ് ഈ പരിധിയിൽ വരുന്നത്. മുൻകൂട്ടി അറിയിച്ച രണ്ട് ദിവസം കഴിഞ്ഞ് ഇന്നലെയും കുടിവെള്ളം മുടങ്ങിയതോടെ വീടുകളിൽ പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാത്ത അവസ്ഥയായി.
ഏഴുപത്തിരണ്ട് മണിക്കൂർ കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പറവൂർ നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പറവൂർ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ സമരം നടത്തി. അസി. എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി. ആലുവ ജലശുദ്ധീകരണശാലയിൽ നിന്ന് 30,000 ലിറ്റർ വെള്ളമെത്തിച്ച് ടാങ്കറുകളിൽ നഗരസഭ പ്രദേശത്ത് വിതരണം ചെയ്യാമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധ സമരം കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്‌തു. സി.എ. രാജീവ് അദ്ധ്യക്ഷനായി.
പറവൂർ നഗരത്തിലടക്കം നിരവധി ഹോട്ടലുകൾ ഇന്നലെ തുറന്നില്ല.
തീരദേശ മേഖലയിലെ ജനം കൂടുതൽ ദുരിതത്തിലായി. കുഴൽ കിണറിലൂടെ ഉപ്പ് രസമുള്ള വെള്ളമാണ് ഈ പ്രദേശങ്ങളിൽ ലഭിക്കുക.
മുഖ്യമന്ത്രി ഇടപെട്ടു
മൂന്ന് ദിവസമായി കുടിവെള്ളം മുടങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ജില്ലാ കളക്ടർ ടാങ്കർ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 30 ലക്ഷത്തോളം രൂപ കുടിശികയുള്ളതിനാൽ ടാങ്കർ ഉടമകൾ സർവീസ് നടത്താൻ ആദ്യം തയ്യാറായിരുന്നില്ല. തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടാങ്കർ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി പരിഹരിച്ചു. തിങ്കളാഴ് വൈകിട്ടോടെ പറവൂർ നഗരപ്രദേശങ്ങളിൽ ടാങ്കർ വഴി കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |