വൈപ്പിൻ: വൈപ്പിൻകരയിൽനിന്ന് സിനിമാ പിന്നണി ഗാനരംഗത്തേക്ക് പുതിയ പ്രതിഭയായി എടവനക്കാട് സ്വദേശി പി.എസ്.അശ്വിൻ. പ്രശസ്ത തമിഴ് താരം ധനുഷും മമിത ബൈജുവും അഭിനയിച്ച 'കര" എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിലെ ഗാനം ആലപിച്ചാണ് ഈ പ്ലസ് ടു വിദ്യാർത്ഥി ശ്രദ്ധേയനായത്. എടവനക്കാട് പുളിക്കൽ വീട്ടിൽ ഷിനോയിയുടെയും പ്രീതിയുടെയും ഏക മകനായ അശ്വിൻ പറവൂർ എസ്.എൻ.വി.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്.
റിയാലിറ്റി ഷോ താരവും പിന്നണി ഗായികയുമായ ആതിര ജനകന്റെ സുഹൃത്ത് മുഖേനയാണ് അശ്വിന് അവസരം ലഭിച്ചത്. ചിത്രത്തിലേക്ക് ഗായകനെ തിരയുന്നതറിഞ്ഞ് തമിഴ് ട്രാക്ക് പാടി അയച്ച അശ്വിന്റെ ശബ്ദമികവ് കണ്ട് അണിയറപ്രവർത്തകർ റെക്കോർഡിംഗിനായി തിരഞ്ഞെടുക്കുകയായിരുന്നു. വെണ്ണലയിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്.
മലയാളം പതിപ്പിലെ വരികളുടെ ഭാവപ്രകടനങ്ങൾ കൃത്യതയോടെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. ഗാനം മുൻകൂട്ടി പഠിക്കാൻ സമയം ലഭിക്കാതിരുന്നിട്ടും പെട്ടെന്ന് വരികൾ മനസിലാക്കി അശ്വിൻ ആലാപനം പൂർണമാക്കി. തന്റെ ശബ്ദം സിനിമയിൽ കേട്ടപ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നിയെന്ന് അശ്വിൻ പറഞ്ഞു. പഠനത്തോടൊപ്പം സംഗീതത്തെയും നെഞ്ചിലേറ്റുന്ന അശ്വിന്റെ നേട്ടം വൈപ്പിൻകരയ്ക്ക് അഭിമാനമാണ്. 'കര" ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |