SignIn
Kerala Kaumudi Online
Friday, 19 June 2026 1.45 PM IST

കക്കാട് കുടിവെള്ള പദ്ധതി അവതാളത്തിൽ, വെള്ളംകുടി മുട്ടി നാട്ടുകാർ

water

പിറവം: തുടർച്ചയായ വൈദ്യുതി തടസവും മോട്ടോർ തകരാറും കാരണം കക്കാട് ശുദ്ധജല പദ്ധതിയിൽ നിന്നുള്ള ജലവിതരണം പൂർണമായും തടസപ്പെടുന്നു. പിറവം നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുടിവെള്ള പദ്ധതി നിലച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും രൂക്ഷമായ പ്രതിസന്ധിയിലാണ്. പിറവം നഗരസഭയ്ക്ക് പുറമെ ഇലഞ്ഞി, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ, തിരുമാറാടി എന്നീ സമീപ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണവും ഇതോടെ മുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം പമ്പിംഗിനെ സാരമായി ബാധിക്കുന്ന തരത്തിലാണ് പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4ന് നിലച്ച വൈദ്യുതി രാവിലെ 7.30നാണ് പുന:സ്ഥാപിച്ചത്. 10 മണിക്ക് ഇത് വീണ്ടും നിലച്ചു. തുടർച്ചയായി 6 മണിക്കൂറെങ്കിലും പമ്പിംഗ് നടന്നാൽ മാത്രമേ സംഭരണിയിൽ ആവശ്യത്തിന് വെള്ളം എത്തുകയുള്ളൂ. വൈദ്യുതി നിലയ്ക്കുമ്പോൾ സംഭരണിയിൽ ശേഖരിച്ച വെള്ളം തിരികെ പോകുന്നതുൾപ്പെടെയുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.

​പ്രധാന മോട്ടോർ തകരാറിൽ

പ്രതിദിനം 25 എം.എൽ.ഡി വെള്ളമാണ് കക്കാട് പദ്ധതിയിൽ ശേഖരിച്ച് ശുദ്ധീകരിക്കുന്നത്. ഇതിനായി 250 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകളും 125 കുതിരശക്തിയുള്ള ഒരു മോട്ടോറുമാണ് ഉപയോഗിക്കുന്നത്. ഇതിൽ 250 കുതിരശക്തിയുള്ള ഒരു പ്രധാന മോട്ടോർ നിലവിൽ തകരാറിലാണ്. ഇതും പമ്പിംഗിന്റെ വേഗത കുറച്ചു. പ്രതിസന്ധി ഇരട്ടിയാക്കി.

ചുവപ്പുനാടയിൽ കുരുങ്ങിയ പരിഹാരം

കക്കാട് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക വൈദ്യുതി ലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി 4 വർഷം മുൻപ് ജല അതോറിട്ടി ഒരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ അതോറിട്ടി ഓഫീസിൽ ഈ ഫയലിൽ ഇതുവരെയും തീരുമാനമായിട്ടില്ല. അധികൃതരുടെ ഈ അനാസ്ഥയാണ് ഇന്നത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നയിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

​ജല അതോറിട്ടിയുടെ കണക്ഷനെ മാത്രം ആശ്രയിക്കുന്ന വീടുകളെയും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയുമാണ് ഈ ജലവിതരണ തടസം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വേനൽ കടുക്കുന്നതിന് മുൻപ് തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈദ്യുതി മുടക്കം പരിഹരിക്കുന്നതിനായി അടിയന്തരമായി പ്രത്യേക വൈദ്യുതി ലൈൻ സ്ഥാപിച്ചാൽ പ പരിഹാരം ഉണ്ടാകും. അതിനായി 65 ലക്ഷം രൂപയുടെ പ്രൊജക്ട് കെ. എസ്. ഇ. ബിയിൽ നിന്നും തയ്യാറാക്കി നൽകിയത് സമർപ്പിച്ചിട്ടുണ്ട്.

സിന്ധു കെ.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ

വാട്ടർ അതോറിട്ടി

പിറവം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL