SignIn
Kerala Kaumudi Online
Monday, 22 June 2026 4.47 AM IST

അതീവ ജാഗ്രതയിൽ 'നീറ്റാ'യി നീറ്റ് പരീക്ഷ

neet

മൊബൈൽ ജാമറുകൾ,​ എ.ഐ സംവിധാനം

കൊച്ചി: ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് നടന്ന നീറ്റ് പുന:പ്പരീക്ഷ ജില്ലയിൽ അതീവ ജാഗ്രതയോടെയും കനത്ത സുരക്ഷയിലും പൂർത്തിയായി. ജില്ലയിൽ അങ്കമാലി, കൊച്ചി എന്നീ രണ്ട് പ്രധാന കേന്ദ്രങ്ങളിലായി ക്രമീകരിച്ചിരുന്ന വിവിധ സ്കൂളുകളിലാണ് പരീക്ഷ. ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്നലെ വീണ്ടും പരീക്ഷാ ഹാളിലെത്തിയത്. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 5.15 വരെയായിരുന്നു പരീക്ഷാ സമയം.

കഴിഞ്ഞ തവണത്തെ അപാകതകൾ ആവർത്തിക്കാതിരിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ജില്ലയിലെ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയത്. കൊച്ചി ഗവ. ഗേൾസ് എച്ച്.എസ്.എസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം കമ്മ്യൂണിക്കേഷൻ തടയുന്നതിനായി മൊബൈൽ ജാമറുകൾ സ്ഥാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായുള്ള ബയോമെട്രിക് വെരിഫിക്കേഷനും കർശനമായ ഫ്രിസ്കിംഗ് (ശരീരപരിശോധന) നടപടികൾക്കും ശേഷമാണ് വിദ്യാർത്ഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പരീക്ഷാ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രങ്ങൾക്ക് മുന്നിൽ കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ചോദ്യപേപ്പർ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചത്. ക്യാമറാദൃശ്യം പരിശോധിക്കാൻ എ.ഐ സംവിധാനവും ഒരുക്കിയിരുന്നു. സുരക്ഷയ്ക്കായി ഓരോ പരീക്ഷാ കേന്ദ്രത്തിലും കേന്ദ്രഅർദ്ധസൈനികരെ വിന്യസിച്ചിരുന്നു.

കെമിസ്ട്രി കടുപ്പം

പരിശോധനകൾ കാരണം വിദ്യാർത്ഥികളുടെ സമയം നഷ്ടപ്പെടാതിരിക്കാൻ ഇത്തവണ പരീക്ഷാ സമയം 15 മിനിറ്റ് വർദ്ധിപ്പിച്ചു നൽകിയിരുന്നു. പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ആശങ്കയിലായിരുന്നു. കഴിഞ്ഞ പരീക്ഷയേക്കാൾ കടുപ്പമായിരുന്നെന്നായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും പ്രതികരണം. ഓർഗാനിക് കെമിസ്ട്രി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ കടുപ്പമേറിയതായിരുന്നു എന്നാണ് വിലയിരുത്തൽ.

 ആശ്വാസത്തിൽ രക്ഷിതാക്കൾ

ആദ്യ പരീക്ഷ റദ്ദാക്കിയതുണ്ടാക്കിയ ആഘാതത്തിൽ നിന്നും അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയോടെയാണ് വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയ്ക്കായി ഒരുങ്ങിയത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വന്നത് പലർക്കും അവസാന നിമിഷം യാത്രാക്ലേശം ഉണ്ടാക്കിയെങ്കിലും മുമ്പത്തെപ്പോലെ വലിയ ക്രമക്കേടുകളോ കൺഫ്യൂഷനുകളോ ഇല്ലാതെ പരീക്ഷ സുഗമമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

മുൻ വർഷങ്ങളിലേതു പോലെ തന്നെ കടുപ്പമേറിയതായിരുന്നു ചോദ്യങ്ങൾ. ചോദ്യങ്ങൾ നിലവാരം പുലർത്തി. ആപ്ലിക്കേഷൻ ലെവൽ ചോദ്യങ്ങൾ ചിന്തിച്ച് എഴുതേണ്ടവയായിരുന്നു

എസ്.എർ.വി സ്കൂളിൽ പരീക്ഷ എഴുതിയ കീർത്തന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL