
കൊച്ചി: പെരിയാർ നദീ സംരക്ഷണ നടപടിയുടെ ഭാഗമായി നദിയിലേക്ക് മലിനജലവും ഖരമാലിന്യങ്ങളും തള്ളുന്നവർക്കെതിരെ ഇതുവരെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് 1.83 കോടി രൂപ പിഴ ചുമത്തി. മലിനീകരണം തടയുന്നതിനും ജലത്തിന്റെ ഗുണനിലവാരം വീണ്ടെടുക്കുന്നതിനുമായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.
ആലുവ, ഏലൂർ-ഇടയാർ തുടങ്ങിയ വ്യവസായ മേഖലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും നഗരങ്ങളിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത ഗാർഹിക-ഓട മലിനജലവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും നദിക്ക് വലിയ ഭീഷണിയായി തുടരുകയാണ്. വേനൽക്കാലത്ത് ഷട്ടറുകൾ അടയ്ക്കുമ്പോൾ ഒഴുക്ക് കുറയുന്നതും ജലത്തിൽ ഓക്സിജന്റെ അളവ് താഴുന്നതും മുമ്പ് വലിയ തോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന് ഇടയാക്കിയിരുന്നു.
മുന്നിൽ കൊച്ചി കോർപ്പറേഷൻ
മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിക്കുകയും പുഴകളിലേക്കും ഓടകളിലേക്കും ദ്രവമാലിന്യങ്ങൾ ഒഴുക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ ഏറ്റവും ശക്തമായ നടപടി സ്വീകരിച്ചത് കൊച്ചി കോർപ്പറേഷനാണ്. കോർപ്പറേഷൻ പരിധിയിൽ മാത്രം നിയമലംഘകരിൽ നിന്നായി 1.8 കോടി രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ടുമെന്റുകൾ, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 662 നോട്ടിസുകളും നൽകി.
പെരിയാറിലേക്ക് മലിനജലവും മറ്റ് അവശിഷ്ടങ്ങളും ഒഴുക്കിയതിന് കളമശേരി നഗരസഭ വഴി 2.2 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ആലുവ നഗരസഭയിൽ അനധികൃത ഔട്ട്‌ലെറ്റുകൾ വഴി പുഴയിലേക്ക് മലിനജലം ഒഴുക്കിയതിന് 60,000 രൂപയോളം ചുമത്തി. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആലുവ നഗരസഭാ പരിധിയിൽ മാത്രം 66 സി.സി. ടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ജല ഗുണനിലവാരത്തിൽ പുരോഗതി
കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന കർശനമായ ഇടപെടലുകൾ കാരണം പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരത്തിൽ കാര്യമായ പുരോഗതി ദൃശ്യമാണെന്ന് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മലിനീകരണ തോത് കുറഞ്ഞുവരുന്നുണ്ട്. വ്യവസായ മേഖലകളിലെ രാസമാലിന്യങ്ങൾ കാരണം പെരിയാർ ഉയർന്ന മലിനീകരണ വിഭാഗങ്ങളിലായിരുന്നു (പ്രയോരിറ്റി III, IV). നിലവിൽ സ്വീകരിച്ച കർശന നടപടികളാൽ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. നദി താഴ്ന്ന മലിനീകരണ ലിസ്റ്റായ പ്രയോരിറ്റി V ലേക്ക് മാറി.
തദ്ദേശ സ്ഥാപനങ്ങൾ വഴി ഈടാക്കിയത്
ആകെ പിഴത്തുക: 1.83 കോടി
കൊച്ചി കോർപ്പറേഷൻ: 1.8 കോടി
കളമശേരി നഗരസഭ: 2.2 ലക്ഷം
ആലുവ നഗരസഭ: 80,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |