
ആലുവ: സെക്കന്റ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ഒന്നര ലക്ഷത്തിലേറെ വിലവരുന്ന ബജാജിന്റെ ഡോമിനോർ ബൈക്കുമായി കടന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ അസീസി കവലയിലെ 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കുന്ന സമയത്താണ് നല്ല ഉയരമുള്ള, പാന്റും ചെക്ക് കളർ ഷർട്ടും ധരിച്ച യുവാവ് എത്തിയത്. ഏകദേശം 30 വയസിൽ താഴെ പ്രായം തോന്നിക്കും. ബൈക്ക് വാങ്ങാനെത്തിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് ഈ സമയം സ്ഥലത്തുണ്ടായിരുന്ന സ്ഥാപനത്തിന്റെ പാർട്ട്ണർ അശോകപുരം സ്വദേശി ഫൈസൽ ഇയാൾക്ക് പലവിലയിലുള്ള വാഹനങ്ങൾ കാട്ടിക്കൊടുത്തു.
പിന്നീട് ടെസ്റ്റ് ഡ്രൈവ് എന്ന പേരിൽ കെ.എൽ 35 കെ. 8354 നമ്പർ ബൈക്ക് ഓടിക്കാനായി നൽകി. സാധാരണ സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ മാത്രമാണ് ടെസ്റ്റ് ഡ്രൈവിന് അനുവദിക്കാറുള്ളത്. എന്നാൽ ഇയാൾ വേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. അരമണിക്കൂർ പിന്നിട്ടിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ സഹിതം ആലുവ പൊലീസിൽ പരാതി നൽകി. ഡോമിനോറിന്റെ പുതിയ ബൈക്കിന് ഏകദേശം രണ്ട് ലക്ഷത്തിലേറെ വിലയുണ്ട്. നഷ്ടപ്പെട്ട വാഹനം 1.60 ലക്ഷം രൂപയ്ക്കാണ് വില്പനയ്ക്കായി നിശ്ചയിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |