
തീരദേശ വാസികൾ പരിപാലനക്കുരുക്കിൽ
കൊച്ചി: തീരദേശ പരിപാലന നിയമപ്രകാരം അനുമതിയില്ലാതെ നിർമ്മിച്ച വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾക്ക് ക്രമവത്ക്കരണം അനുവദിക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ നൂറുകണക്കിന് തീരദേശവാസികളെ പ്രതിസന്ധിയിലും ദുരിതത്തിലുമാക്കി. വീടുകൾക്ക് സ്ഥിരം നമ്പർ ലഭിക്കാത്തതിന് പുറമെ, ഉയർന്ന നികുതിയും പിഴകളും അടയ്‌ക്കേണ്ട സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികളുൾപ്പെടെ സാധാരണക്കാർ.
2019ലെ തീരദേശ പരിപാലനനിയമ (സി.ആർ.ഇസഡ്) വിജ്ഞാപനപ്രകാരം അനുവദനീയമായ പരിധിയിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ഉടമകളാണ് പ്രതിസന്ധി നേരിടുന്നത്. സി.ആർ.ഇസഡ് വിജ്ഞാപനപ്രകാരം അനുമതി വാങ്ങാതെയും ലഭിക്കാതെയും നിർമ്മിച്ച വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾക്ക് അംഗീകാരം നൽകാനാണ് ക്രമവത്ക്കരണം നടപ്പാക്കുന്നത്. 2011ലെ സി.ആർ.ഇസഡ് വിജ്ഞാപനവും ചട്ടങ്ങളും നിലവിൽവന്ന കാലഘട്ടത്തിൽ നിർമ്മിച്ചതിനാൽ കെട്ടിടങ്ങളെ അംഗീകരിക്കുന്ന ക്രമവത്ക്കരണം ലഭിക്കുന്നില്ല.
വീടുകൾക്ക് സ്ഥിരം നമ്പർ ലഭിക്കുന്നില്ല
പുതിയ നിയമത്തിൽ ഇളവുകളുണ്ടെങ്കിലും നിലവിലെ കെട്ടിടങ്ങളുടെ ക്രമവത്ക്കരണം നടത്താത്തതിനാൽ വീടിന് സ്ഥിരം നമ്പർ ലഭിക്കുന്നില്ല. കടൽ, കായൽ, പുഴ തുടങ്ങിയവയുടെ തീരത്തെ മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ നിരവധി കുടുംബങ്ങൾ കടലാക്രമണം, തീരശോഷണം തുടങ്ങിയ സാഹചര്യങ്ങളിൽ വീടുകൾ നിർമ്മിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിരുന്നു. നിയമനടപടികളെക്കുറിച്ച് അറിവില്ലാത്തതിനാലും മറ്റു സാഹചര്യങ്ങളും മൂലം പലർക്കും ആവശ്യമായ അനുമതികൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇത്തരം നിർമ്മാണങ്ങൾ അനധികൃതമായി തുടരുകയാണ്.
പുതിയ നിയമത്തിൽ ഇളവുണ്ടെങ്കിലും ക്രമവത്ക്കരണം സാദ്ധ്യമാകാതെ നിരവധി കുടുംബങ്ങളാണ് സ്ഥിരം നമ്പർ ലഭിക്കുന്നതിന് തടസം നേരിടുന്നത്. ഇക്കാര്യം വിശദീകരിച്ച് ഹൈബി ഈഡൻ എം.പി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി.
ഇളവിനും നിയന്ത്രണം
സി.ആർ.ഇസഡ് വിജ്ഞാപനപ്രകാരം അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ക്രമവത്ക്കരണം നിയന്ത്രണങ്ങൾക്ക് വിധേയമായേ ലഭിക്കൂ. നിർമ്മാണം നടത്തിയ കാലത്തെ നിയമപ്രകാരം അനുവദനീയമായതും, അനുവാദം തേടാതിരുന്നതുമായ നിർമ്മാണങ്ങൾക്ക് മാത്രമാണ് അംഗീകാരം ലഭിക്കുന്നത്.
അനുകൂലിച്ച് അതോറിട്ടി
കേരളത്തിലെ സി.ആർ.ഇസഡ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കോസ്‌റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയുടെ കഴിഞ്ഞ മാർച്ചിൽ ചേർന്ന യോഗത്തിൽ പ്രശ്നങ്ങൾ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു.
ദുരിതങ്ങൾ
ഉയർന്ന നികുതി നൽകേണ്ടിവരുന്നു
തദ്ദേശ സ്ഥാപനങ്ങൾ വൻപിഴ ഈടാക്കുന്നു
ബാങ്കുകളിൽ നിന്ന് സ്ഥലം ഈടായ വായ്പ ലഭിക്കുന്നില്ല
സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് തടസങ്ങൾ
നഷ്ടപരിഹാരമില്ലാത്ത പൊളിച്ചുനീക്കൽ ഭീഷണി
2019ലെ വിജ്ഞാപന പ്രകാരം അനുവദനീയമായ കെട്ടിടങ്ങളെ ക്രമവത്കരിക്കാൻ നയപരമായ തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണം.
ഹൈബി ഈഡൻ എം.പി
പുതിയ നിയമത്തിലെ ഇളവുകൾ പ്രകാരം വീടുകൾക്ക് സ്ഥിരം നമ്പർ ലഭിക്കുന്നതിലെ തടസങ്ങൾ ഒഴിവാക്കണം.
അഡ്വ. ഷെറി ജെ.തോമസ്
പ്രസിഡന്റ്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |