SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.36 AM IST

മിന്നലായി തൂഫാൻ റെയ്ഡ്; മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച 29 ഡ്രൈവർമാർ കുടുങ്ങി

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്‌കൂൾ, കോളേജ് ബസുകളിൽ പൊലീസിന്റെ മിന്നൽപരിശോധന. മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ കേസെടുത്തു. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.

1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെ പരിശോധിച്ചു. ഇതിൽ നാല് ജില്ലകളിലായി 29 ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ മോട്ടോർവാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി.

മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവർമാരെ ജോലിയിൽനിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. സ്‌കൂൾ മാനേജ്‌മെന്റുകളും വാഹനഉടമകളും ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, നിയമാനുസൃത രേഖകൾ എന്നിവ കർശനമായി ഉറപ്പാക്കണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പൊലീസ് കർശനനിർദ്ദേശം നൽകി.

കൂടുതൽപേർ ആലപ്പുഴയിൽ മദ്യപിച്ച് വാഹനം ഓടിച്ചവരിൽ ഏറ്റവുമധികംപേർ ആലപ്പുഴ ജില്ലയിലാണ്. ജില്ലയിലെ 244 സ്‌കൂളുകളിലെ 634 ഡ്രൈവർമാരെ പരിശോധിച്ചതിൽ ഒമ്പതുപേർ മദ്യപിച്ചതായി കണ്ടെത്തി. എറണാകുളം റൂറൽ ജില്ലയിൽ 373 സ്‌കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധിച്ചതിൽ ഏഴുപേർ മദ്യപിച്ചതായും, കോട്ടയം ജില്ലയിൽ 311 സ്‌കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചതിൽ 6 പേരെയും ഇടുക്കി ജില്ലയിലെ 303 സ്‌കൂളുകളിലെ 849 ഡ്രൈവർമാരെ പരിശോധിച്ചതിൽ ഏഴുപേരും മദ്യപിച്ചതായി കണ്ടെത്തി.

വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന നിയമലംഘനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല. ഇത്തരം പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും തുടരും
യതീഷ് ചന്ദ്ര
റേഞ്ച് ഡി.ഐ.ജി
എറണാകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL