SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.03 AM IST

'ഓപ്പറേഷൻ കുബേര' വീണ്ടും സജീവമാക്കും

g

കൊച്ചി: കൊള്ളപ്പലിശക്കാരുടെ ഭീഷണിയും ചൂഷണവും ഇല്ലാതാക്കാൻ 'ഓപ്പറേഷൻ കുബേര' വീണ്ടുമെത്തും. പദ്ധതി സജീവമാക്കാൻ ആഭ്യന്തര വകുപ്പ് നടപടി ആരംഭിച്ചു. ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റ പശ്ചാത്തലത്തിലാണ് കർശന നടപടി പുനരാരംഭിക്കാൻ നീരുമാനിച്ചത്. പദ്ധതി ശക്തമാക്കുന്നതോടെ അനധികൃത പണമിടപാടുകാരെ പിടികൂടാനാകുമെന്നാണ് കണക്കുകൂട്ടൽ.

2019ൽ ഒന്നാം പിണറായി സർക്കാർ പദ്ധതിയുടെ പേരും പ്രവർത്തനങ്ങളും പരിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി ഡി.ജി.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിവിധ തീരുമാനങ്ങളെടുത്തിരുന്നു. ഇതിനുശേഷം പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ജില്ലാതല സ്‌ക്വാഡുകളും നിർജീവമായ അവസ്ഥയിലാണ്.

ഓപ്പറേഷൻ കുബേര നിർജീവമായ അവസരം മുതലെടുത്ത് തമിഴ്‌നാട് വട്ടിപ്പലിശക്കാർ ഉൾപ്പെടെ തട്ടിക്കൂട്ട് പണമിടപാട് സ്ഥാപനങ്ങൾ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വീണ്ടും വേരുറപ്പിച്ചിട്ടുണ്ട്. മാസപ്പലിശയ്ക്ക് പുറമേ ആഴ്ചപ്പിരിവായും ഇവർ പണം നൽകുന്നുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി മറ്റ് മാർഗമില്ലാതെ വരുന്ന സാധാരണക്കാരാണ് ഇവരുടെ കെണിയിൽ വീഴുന്നത്. തിരിച്ചടവ് വൈകിയാൽ ഫോണിലൂടെയുള്ള ഭീഷണിയും ഗുണ്ടാപ്പിരിവുമാണ് ഇവരുടെ രീതി. ഭയം മൂലം പലരും പരാതി നൽകാൻ മടിക്കുന്നത് ഇത്തരക്കാർക്ക് വളമാകുന്നു.

ലക്ഷ്യമിടുന്നത് സ്ത്രീകളെ


ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലും നോട്ടീസുകൾ പതിച്ചാണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. കുറഞ്ഞ പലിശയെന്ന വാഗ്ദാനത്തിൽ വീണ് ഒരു വായ്‌പ അടച്ചുതീർക്കാൻ മറ്റൊരു വായ്‌പയെടുത്ത് കടക്കെണിയിലായവർ നിരവധിയാണ്. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടാണ് വട്ടിപ്പലിശക്കാരുടെ പ്രവർത്തനം. ഗ്രൂപ്പുകളായി തിരിച്ച് പണം നൽകുകയും ഒരാൾ അടവ് മുടക്കിയാൽ മറ്റുള്ളവർ ആ ബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന വയ്ക്കുകയും ചെയ്യുന്നു. അടവ് മുടങ്ങിയാൽ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നതും പതിവാണ്. പലിശക്കാരുടെ ശല്യവും ചൂഷണവും സഹിക്കവയ്യാതെ കുടുംബങ്ങൾ വീടൊഴിയേണ്ടി വന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓപ്പറേഷൻ കുബേര


2014 മേയിലാണ് ഓപ്പറേഷൻ കുബേരയ്ക്ക് തുടക്കമിട്ടത്. അന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന എ. ഹേമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന വ്യാപക പരിശോധനയിൽ വൻകിട മാഫിയകൾ ഉൾപ്പെടെ പിടിയിലായിരുന്നു. കൂടുതൽ കേസുകൾ പാലക്കാട് ജില്ലയിലായിരുന്നു. കൂടുതൽ പണം പിടിച്ചെടുത്തത് എറണാകുളം ജില്ലയിൽ നിന്നായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL