
കോട്ടയം : സ്കൂൾ, കോളേജ് ബസ് ഡ്രൈവർമാർ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോട്ടയത്ത് 17 പേർ പിടിയിൽ.
ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ 6 മുതൽ പരിശോധന ആരംഭിച്ചു. 488 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1229 ഡ്രൈവർമാരെ പരിശോധിച്ചു. മദ്യപിച്ചതായി കണ്ടെത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായി തുടർന്നും പരിശോധനകളും നടപടികളും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പാലിക്കണം ഇക്കാര്യങ്ങൾ
ജി.പി.എസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം
പരമാവധി വേഗത 50 കിലോമീറ്റർ ആയി നിജപ്പെടുത്തണം
വാഹനത്തിൽ ഹെൽപ്പ് ലൈൻ നമ്പർ എഴുതിയിരിക്കണം
ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയം
ഡ്രൈവർമാർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാകരുത്
കരാർ വാഹനങ്ങളിൽ കുത്തിനിറച്ച്
കരാർ വാഹനങ്ങളിലെ ചില ഡ്രൈവർമാർ പരമാവധി കുട്ടികളെ കുത്തിനിറയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. അനധികൃത ഇരിപ്പിടങ്ങൾ വാഹനങ്ങളിലുണ്ടാകും. ഡ്രൈവറുടെ ഇരുവശങ്ങളിലും ഓട്ടോറിക്ഷയുടെ ലഗേജ് ഭാഗത്ത് പോലും കുട്ടികളെ കൊണ്ടുപോവുന്നവരുണ്ട്. വെട്ടിത്തിരിച്ചാൽ മറിയാൻ സാദ്ധ്യത ഏറെയുള്ളതാണ് ഓട്ടോറിക്ഷകൾ. ഒരേപ്രദേശത്ത് നിന്ന് തന്നെ കൂടുതൽ കുട്ടികളെ കയറ്റിയാൽ ഡ്രൈവർക്ക് കൂടുതൽ ലാഭവും രക്ഷിതാക്കൾക്ക് ചെലവും കുറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |