അടിമാലി: ഗ്രാമ പഞ്ചായത്തിന് മുന്നിലെ രാപ്പകൽ സമരപ്പന്തൽ സന്ദർശിച്ച് എം.പി ഡീൻ കുര്യാക്കോസ്. പ്രശ്നം ശാശ്വതമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സമരപ്പന്തൽ സന്ദർശിച്ച് ഡീൻ കുര്യാക്കോസ് പറഞ്ഞു. 26 കുടുംബങ്ങളിൽ പൂർണമായി വീട് നഷ്ടപ്പെട്ട 9 കുടുംബങ്ങൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി 10 ലക്ഷം രൂപ വീതം ആകെ 90 ലക്ഷം രൂപ നൽകി. ഭാഗികമായി വീട് നഷ്ടമായ ബാക്കി 17 കുടുംബങ്ങൾക്ക് കൂടി 10 ലക്ഷം രൂപ വീതം 1.70 കോടി രൂപ അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാം. ഇത് വച്ച് വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് നൽകിയിട്ടുണ്ട്. റെഡ് സോണിൽ അകപ്പെട്ട പ്രദേശത്തെ കുടുംബങ്ങളുടെ പുനരധിവാസത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി സതീശനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, റവന്യു മന്ത്രി എ.പി അനിൽ കുമാറിനെയും വിഷയം ബോധ്യപ്പെടുത്തിയെന്നും ഡീൻ പറഞ്ഞു. വിഷയം സർക്കാർ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
അതിന്റെ തുടർ നടപടികൾക്ക് ക്യാബിനറ്റിന്റെ അനുമതി വേണമെന്നും അടുത്ത ദിവസങ്ങളിൽ നടപടികളിലേക്ക് കടക്കുമെന്നും, മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നേതൃത്വം നൽകുമെന്നും എം.പി പറഞ്ഞു. സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരത്തിൽ നിന്ന് പിൻമാറണമെന്നും സമരം നടന്നാലും ഇല്ലെങ്കിലും യുഡിഎഫ് സർക്കാർ വാക്ക് പാലിക്കുമെന്നും, ദുരന്തബാധിതരോടൊപ്പമാണെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് സിദ്ധിഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വർഗീസ് എന്നിവരും എം.പി ഡീൻ കുര്യാക്കോസിന് ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |