SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

എസ്.ഐയ്ക്ക് നേരെ ലൈംഗികാരോപണവുമായി ലഹരിസംഘം

h

പരാതിക്കാരിയായ തൊടുപുഴ സ്വദേശിനി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി

കൊച്ചി: മയക്കുമരുന്ന് വേട്ടയിൽ കൊച്ചി പൊലീസിന്റെ നട്ടെല്ലായ ഉദ്യോഗസ്ഥനെ ലൈംഗിക അപവാദത്തിലും കോഴ ആരോപണത്തിലും തളയ്ക്കാൻ ലഹരിമാഫിയ. തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാർട്ട്മെന്റിൽ എ.ഡി.എം.എയുമായി പിടിയിലായ കെവിൻ മാത്യുവിന് രാസലഹരി എത്തിക്കുന്ന യുവതിയെ മുൻനിറുത്തിയാണ് നീക്കം. കൊച്ചി സിറ്റിയിലെ ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡാൻസാഫ്) എസ്.ഐയ്ക്കെതിരെയാണ് ഗുരുതര ആരോപണം. കേസിൽ നിന്നൊഴിവാക്കാൻ കിടപ്പറ പങ്കിടണമെന്നും അതല്ലെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന യുവതിയുടെ ആരോപണത്തിൽ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കാണ് യുവതിയുടെ പേരിൽ പരാതി കിട്ടിയത്.

ലഹരി പാർട്ടികൾക്ക് രാസലഹരി എത്തിക്കുന്ന കെവിനെ ഡാൻസാഫ് എസ്.ഐയുടെ നേതൃത്വത്തിൽ മേയ് ആദ്യവാരമാണ് കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിന് കൈമാറിയത്. കെവിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തൊടുപുഴ കേന്ദ്രീകരിച്ചുള്ള യുവതിയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ കെവിൻ നടത്തിയതായി കണ്ടെത്തി. കെവിന്റെ കുറ്റസമ്മത മൊഴിയെത്തുടർന്ന് യുവതിയെ തൃക്കാക്കര പൊലീസ് കേസിൽ പ്രതി ചേർത്തിരുന്നു.

ഇതോടെയാണ് ഡാൻസാഫ് എസ്.ഐയ്ക്കെതിരെ ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. മറ്റൊരാളുടെ ഇ-മെയിൽ വഴിയാണ് യുവതിയുടെ പരാതി സിറ്റി പൊലീസ് കമ്മീഷണറുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലെത്തിയത്. പരാതിയിൽ വ്യക്തമായ മേൽവിലാസം നൽകിയിട്ടില്ലെങ്കിലും ഇതേ മെയിലിൽ പൊലീസ് കൈമാറുന്ന സന്ദേശങ്ങൾക്ക് പ്രതികരണം കിട്ടുന്നുണ്ട്. യുവതിയുടെ മൊഴി ഇതേവരെ രേഖപ്പെടുത്തിയിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫിന്റെ ചുമതലയുള്ള സിറ്റി നാർക്കോട്ടിക്സ് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

തൊടുപുഴ സ്വദേശിയായ യുവതി കോളേജ് അദ്ധ്യാപികയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എറണാകുളത്ത് സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി കെവിൻ മാത്യു പിടിയിലായതോടെ കേരളം വിട്ടെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL