SignIn
Kerala Kaumudi Online
Friday, 17 July 2026 2.31 AM IST

ആംബുലൻസിലെത്തി ഗുണ്ടാപ്പിരിവ്, ലോഡ്ജ് ജീവനക്കാരന് മർദ്ദനം

കൊച്ചി: ആംബുലൻസിൽ മാരകായുധങ്ങളുമായെത്തി കൊച്ചി നഗരമദ്ധ്യത്തിൽ ഗുണ്ടാപ്പിരിവ്. പണം നൽകാൻ വിസമ്മതിച്ച ലോഡ്ജ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്നു. എറണാകുളം സൗത്ത് വിവേകാനന്ദ റോഡിൽ വാടകയ്ക്ക് നടത്തുന്ന ലോഡ്ജിലെ ജീവനക്കാരനായ അസാം സ്വദേശി അജിജുൽ ഹൗക്കാണ് (28) ആക്രമണത്തിന് ഇരയായത്.

ഇന്നലെ പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. മട്ടാഞ്ചേരി കേന്ദ്രമായ ഗുണ്ടാസംഘത്തിലെ ആറുപേരെ സെൻട്രൽ പൊലീസ് അതിവേഗം അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ പ്രതികളിലൊരാൾ ഗുണ്ടാവിരുദ്ധ നിയമപ്രകാരം കാപ്പാ നടപടികൾ നേരിടുന്ന ആളാണ്. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിലാണ് ആറംഗ ഗുണ്ടാസംഘം ലോഡ്ജിലേക്കെത്തിയത്. ജീവനക്കാരനെ ആയുധങ്ങൾ കാട്ടി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങാനോ പണം നൽകാനോ ജീവനക്കാരൻ തയ്യാറായില്ല. തുടർന്ന് മൂന്നുപേർ അജിജുലിനെ അനങ്ങാൻ കഴിയാത്തവിധം പിടിച്ചുവച്ചു. മറ്റ് പ്രതികൾ മുഖത്തും കഴുത്തിലും പുറത്തും ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് ജീവനക്കാരന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരം രൂപയും പിടിച്ചുപറിച്ച് ആംബുലൻസിൽ കടന്നുകളഞ്ഞു.

ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വൻ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നത്. പത്ത് വർഷത്തിനിടയിൽ വിവിധ കോടതികളിലായി ഇവർക്കെതിരെ ഒന്നിലധികം കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അജിജുൽ ഹൗക്ക് ഇന്നലെ രാവിലെ 11ന് സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GUNDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL