SignIn
Kerala Kaumudi Online
Saturday, 08 August 2026 3.59 AM IST

ഫാക്‌ട് പ്രതിസന്ധി അതിരൂക്ഷം: കേന്ദ്രസർക്കാർ യോഗം വിളിക്കും

fact

കൊച്ചി: എട്ടുവർഷത്തിനുശേഷം വീണ്ടും പ്രതിസന്ധിയിലായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിനെ (ഫാക്‌ട് ) അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാൻ മുറവിളി ശക്തമായി. അസംസ്‌കൃത വസ്‌തുക്കളുടെ ദൗർലഭ്യവും വിലക്കയറ്റവും സബ്സിഡിത്തുക ലഭിക്കാത്തതുമാണ് ഫാക്‌ടിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

മൂവായിരത്തിലധികം തൊഴിലാളികളാണ് നേരിട്ടും പരോക്ഷമായും ഇവിടെ ജോലി ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും മികച്ച വളം നിർമ്മിക്കുന്നത് ഉദ്യോഗമണ്ഡിലും അമ്പലമുകളിലും യൂണിറ്റുകളുള്ള ഫാക്‌ടാണ്. കൊച്ചിയുടെ വ്യവസായിക, സാമ്പത്തികശക്തിയുമായ ഫാക്‌ടിന്റെ നിലനിൽപ്പ് രാജ്യത്തിന്റെ കാർഷിക-വ്യവസായ മേഖലയ്ക്ക് നിർണായകവുമാണ്.

വളം നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ സൾഫറിന്റെയും ഫോസ്ഫോറിക് ആസിഡിന്റെയും ഉൾപ്പെടെ അന്താരാഷ്ട്ര വിലയിലുണ്ടായ വൻവർദ്ധനവ് ഫാക്ടിന്റെ ഉത്പാദനച്ചെലവ് ഗണ്യമായി ഉയർത്തി. അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയ്ക്ക് അനുസൃതമായി വളം സബ്സിഡി നിരക്കുകൾ കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കാൻ തയ്യാറായിട്ടില്ല. കോടികളുടെ സബ്സിഡി കുടിശിക ലഭിക്കാത്തതും പ്രതിസന്ധിക്ക് ആക്കംകൂട്ടി.

എട്ടുവർഷം മുമ്പും പ്രതിസന്ധി

2018ൽ സമാനമായ പ്രതിസന്ധി ഫാക്‌ട് നേരിട്ടിരുന്നു. ആവശ്യത്തിന് മൂലധനം പോലുമില്ലാതെ പൂട്ടുന്ന അവസ്ഥയിലാണ് വർഷങ്ങളോളം പ്രവർത്തിച്ചത്. ഭൂസ്വത്തിൽ ഒരുഭാഗം വിറ്റഴിക്കാനുൾപ്പെടെ നീക്കം നടന്നു. ജനപ്രതിനിധികളും സർക്കാരും ഇടപെട്ടതോടെ ആയിരം കോടി രൂപ കേന്ദ്രസർക്കാർ വായ്‌പയായി നൽകി. വായ്‌പയിൽ ഒരുഭാഗം മൂലധനമാക്കി മാറ്റി. കടബാദ്ധ്യതകൾ കുറയ്‌ക്കുകയും ചെയ്‌തു. ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കുകയും ചെയ്‌താണ് ചെലവ് കുറച്ച് പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറിയത്.

പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെ അസംസ്‌കൃത വസ്‌തുക്കളുടെ അന്താരാഷ്ട്ര വില വർദ്ധനവിന് കാരണമായതും വായ്പയ്ക്ക് 13.5 ശതമാനം പലിശ നൽകേണ്ടിവരുന്നതുമാണ് ഫാക്‌ടിന്റെ സാമ്പത്തിക സ്ഥിതിയെ ഏതാനും മാസമായി സാരമായി ബാധിച്ചത്.

അടിയന്തരയോഗം ചേരും

ഫാക്‌ടിന്റെ പ്രശ്നങ്ങൾ വിശകലനം ചെയ്യാനും ഭാവിപദ്ധതികൾക്ക് രൂപം നൽകാനും അടിയന്തര യോഗം വിളിക്കാൻ കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി ഹൈബി ഈഡൻ എം.പി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. വായ്പ പുന:ക്രമീകരിച്ച് പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രം ഇടപെടണമെന്നും എം.പി. ആവശ്യപ്പെട്ടു. ഫാക്ടിന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ച 6,350 കോടി രൂപയുടെ വിപുലീകരണ -ആധുനികവത്കരണ പദ്ധതികൾക്ക് വേഗത്തിൽ കേന്ദ്രാനുമതി നൽകണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

അസാധാരണ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫാക്ടിന് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിക്കണം. പ്രവർത്തനം തടസമില്ലാതെ തുടരാനും തൊഴിലവസരങ്ങളും രാജ്യത്തിന്റെ രാസവളസുരക്ഷയും സംരക്ഷിക്കുകയും വേണം.

ഹൈബി ഈഡൻ

എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FACT ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL