
കൊച്ചി: കണ്ടെയ്നർ റോഡിന്റെ ഓരത്തെ മുളവുകാട് പൊലീസ് സ്റ്റേഷനിൽ ഒരു മാസം മുമ്പ് വെള്ളവും ഭക്ഷണവും തേടി വന്ന യുവാവിനെ കണ്ടപ്പോൾ പൊലീസുകാർ ആദ്യം കരുതിയത് തെരുവിന്റെ സന്തതിയെന്ന്. യുവാവ് പിന്നീട് പൊലീസ് സ്റ്റേഷന്റെ ഭാഗമായി മാറി. പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് തങ്ങൾ ഭിക്ഷക്കാരനെന്ന് തെറ്റിദ്ധരിച്ച യുവാവ് മുംബയിലെ മഹീന്ദ്ര ആൻഡ് മഹീന്ദ്രാസ് കമ്പനിയിൽ മാസം ഒരു ലക്ഷം രൂപ ശമ്പളം കൈപ്പറ്റിയിരുന്ന മെക്കാനിക്കൽ എൻജിനീയറായിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. നാഗ്പൂർ സോണാല സ്വദേശിയായ രാഷ്ട്രപാൽ മനോഹർ ചഹാൻഡെ (37) നാലുകൊല്ലത്തെ അജ്ഞാത വാസത്തിന് ശേഷം ഇന്നലെ ഉറ്റബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിയപ്പോൾ പൂവണിഞ്ഞത് മുളവുകാട് സ്റ്റേഷനിലെ നല്ലവരായ പൊലീസ് ഉദ്യോഗസ്ഥരുടെ ദിവസങ്ങളുടെ പരിശ്രമം.
രാഷ്ട്രപാലിൽ നിന്ന് കിട്ടിയ വിവരങ്ങൾ പിന്തുടർന്ന് പഠിച്ച കോളേജുമായും നാഗ്പൂർ പൊലീസുമായും ബന്ധപ്പെട്ട് മുളവുകാട് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇന്നലെ സഹോദരി പ്രിയങ്കയും ഭർത്താവ് അമൻ സംപ്രതോയും മാതൃസഹോദരി രേഖയും സ്റ്റേഷനിൽ എത്തിയപ്പോൾ രാഷ്ട്രപാൽ ആദ്യം അറിഞ്ഞ മട്ട് കാണിച്ചില്ല. ബന്ധുക്കൾ കൈവശമുള്ള പഴയ ഫോട്ടോകൾ കാണിച്ചതോടെ യുവാവ് അയഞ്ഞു. തുടർന്ന് വൈദ്യപരിശോധനയും നിയമനടപടികളും പൂർത്തിയാക്കി രാഷ്ട്രപാലുമായി ബന്ധുക്കൾ ഇന്നലെ വൈകിട്ടോടെ വൈറ്റിലയിൽ നിന്ന് ബസിൽ നാഗ്പൂരിലേക്ക് മടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുവരുമെന്ന് എസ്.എച്ച്.ഒ ശ്യാംകുമാറിനോടും പ്രിൻസിപ്പൽ എസ്.ഐ തോമസിനോടും പറഞ്ഞാണ് യുവാവ് മടങ്ങിയത്.
മിടുക്കൻ എൻജിനീയർ
ഒറ്റപ്പെട്ടപ്പോൾ നാടുവിട്ടു
ജൂലായിലാണ് ആദ്യമായി യുവാവ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ മെസ്സിൽ നിന്ന് ഭക്ഷണവും വെള്ളവും നൽകി. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് തോന്നിയതിനാൽ മനോരോഗ വിദഗ്‌ദ്ധനെ കാണിച്ചു. പുതുവസ്ത്രങ്ങൾ നൽകി. നിത്യസന്ദർശകനായതോടെ സ്റ്റേഷനിലെ രാത്രികാല സെക്യൂരിറ്റിയായി നിയമിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. സ്റ്റേഷന് സമീപത്തെ ഷെഡിൽ താമസവും തുടങ്ങി.
ഇടവേളകളിൽ എ.എസ്.ഐ സജിമോനും സി.പി.ഒ അനിരുദ്ധനും യുവാവുമായി നടത്തിയ ആശയവിനിമയത്തിലാണ് രാഷ്ട്രപാൽ മനസ് തുറന്നത്. അഹമദ്നഗറിലെ പ്രശസ്തമായ വി.കെ പാട്ടീൽ എൻജിനീയറിംഗ് കോളേജിൽ എം. ടെക്കിന് പഠിക്കവെ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെയാണ് മെക്കാനിക്കൽ എൻജിനീയറായി മഹിന്ദ്രയിൽ ചേരുന്നത്. മൂന്ന് സഹോദരിമാർ വിവാഹിതരാവുകയും മാതാപിതാക്കൾ മരിക്കുകയും ചെയ്തതോടെ ജീവിതത്തിൽ ഒറ്റപ്പെട്ട് മനസിന്റെ താളം തെറ്റി. 2022ൽ നാടുവിട്ടു ദേശങ്ങൾ താണ്ടി കേരളത്തിലെത്തി. കടയ്ക്കാവൂരും വർക്കലയിലും ഗുരൂവായുരുമൊക്കെ അലഞ്ഞ്തിരിഞ്ഞ് ഒടുവിൽ കൊച്ചിയിലെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |