കൊച്ചി: കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽ തൊഴിൽതട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഇടനിലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എളങ്കുന്നപ്പുഴ മാലിപ്പുറം പെരുമാൾപ്പടി പടിഞ്ഞാറ് കുരിശുപറമ്പ് വീട്ടിൽ ഇമാനുവേൽ ജോർജാണ് (31) മുളവുകാട് പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യആസൂത്രകരായ വടുതല സ്വദേശി ഷിജി മെൻഡസ്, റോവിസ്റ്റൺ ഡി കുഞ്ച, സഹോദരൻ റൊമാരിയോ ഡി കുഞ്ച എന്നിവർ കാനഡയിൽ ഒളിവിലാണ്. ഇവർക്കായി കൊച്ചി സിറ്റി പൊലീസ് വിമാനത്താവളങ്ങളിലുൾപ്പെടെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു.
ഇരയായത് ഒട്ടേറെപ്പേർ
കാനഡയിൽ താമസിച്ച് ഷിജി മെൻഡസാണ് തൊഴിൽ തട്ടിപ്പിന് നേതൃത്വം നൽകുന്നത്. മുളവുകാട് പനമ്പുകാട് സ്വദേശി അനൂപ് ജോസിന് (28) കാനഡയിലെ 'ഒക്‌ലൻ സൺസ് കോൺട്രാക്ടിംഗ്" കമ്പനിയിൽ ഹെവി എക്വിപ്മെന്റ് ഓപ്പറേറ്റർ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് ഇമാനുവേൽ ജോർജ് അറസ്റ്റിലായത്. ഷിജി മെഡൻഡസ് ഉൾപ്പെട്ട തട്ടിപ്പുസംഘത്തിന്റെ കൊച്ചിയിലെ ഇടനിലക്കാരിൽ ഒരാളാണ് ഇയാൾ. വല്ലാർപാടത്ത് സ്വകാര്യ സ്ഥാപനത്തിൽ കണ്ടെയ്നർ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്ന അനൂപ് ജോസ് കാനഡയിൽ ഉയർന്ന ശമ്പളം പ്രതീക്ഷിച്ച് കടംവാങ്ങിയും വായ്പയെടുത്തുമാണ് 18.50 ലക്ഷം രൂപ നൽകിയത്. ഇതിൽ എട്ട് ലക്ഷം രൂപ ഇമാനുവേലിന്റെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് സംഘത്തിന് കൈമാറിയത്.
കൈമലർത്തി കനേഡിയൻ കമ്പനി
2024ൽ ആയിരുന്നു ഇടപാട്. രണ്ട് വർഷത്തെ കാലാവധിയിൽ കാനഡയിലെത്തിയ അനൂപിനെ ഒന്നരമാസത്തോളം കമ്പനി അധികൃതരെ കാണാൻ സംഘം അനുവദിച്ചില്ല. ഒടുവിൽ രഹസ്യമായി കമ്പനിയിലെത്തിയ അനൂപിനോട് ഇങ്ങനെയൊരു ജോലിക്ക് തൊഴിൽ പെർമിറ്റ് ആർക്കും നൽകിയിട്ടില്ലെന്ന് കമ്പനിയുടെ വനിതാ എക്സിക്യുട്ടീവ് അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സ്വന്തം ചെലവിൽ കാനഡയിൽ തങ്ങിയ അനൂപ് പിന്നീട് അവിടുത്തെ മലയാളികളുടെ സഹായത്തോടെ ജോലി തരപ്പെടുത്തി വിദേശത്ത് തുടരുകയാണ്.
മൊത്തം 10 പ്രതികൾ
കേസിലെ 10 പ്രതികളിൽ എട്ടാംപ്രതി നിർമ്മലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇമാനുവേൽ ജോർജിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഷിജി മെൻഡസിന്റെ സഹോദരൻ ഷെൽട്ടൺ മെൻഡസ്, രവി, ദാസൻ എന്നിവരും പ്രതികളാണ്. ഷിജി മെൻഡസിനെതിരെ തൊഴിൽ തട്ടിപ്പിന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും കേസുള്ളതായി സിറ്റി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |