SignIn
Kerala Kaumudi Online
Saturday, 05 September 2026 9.26 AM IST

തട്ടിക്കൂട്ട് പണി;  തകർന്ന് റോഡുകൾ, കേരളം റോംഗ് ട്രാക്കിൽ!

vyttila-road

കുസാറ്റ് വിദ്യാർത്ഥികളുടെ പഠനറിപ്പോർട്ട്

കൊച്ചി: റോഡിലെ കുഴികൾ കുളമായാലും യഥാസമയം പരിഹാരം കാണാൻ നടപടിയില്ല. അറ്റകുറ്റപ്പണി നടത്തിയാൽ ഏച്ചുകെട്ടിയതുപോലെ!. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളുള്ള നടപ്പാതകളിൽ തട്ടിവീണില്ലെങ്കിൽ ഭാഗ്യം... അന്യസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചി നഗരത്തിലെയടക്കം റോഡുകളുടെയും നടപ്പാതകളുടെയും സ്ഥിതിയിതാണെന്ന് പൊതുജനങ്ങൾ. സർവേയെ അടിസ്ഥാനമാക്കി കുസാറ്റ് സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പഠനറിപ്പോർട്ടിലാണിത്.
റോഡുകളിൽ വിള്ളലുകൾ രൂപപ്പെടുമ്പോൾതന്നെ അറ്റകുറ്റപ്പണി നടത്തണം. ട്രാഫിക് സിഗ്നലുകളുടെ പ്രവർത്തനം ശാസ്ത്രീയമാക്കണമെന്നും കേടായ വഴിവിളക്കുകൾ ഉടൻ മാറ്റണമെന്നും റിപ്പോർട്ടിലുണ്ട്.
വൈറ്റില, മെഡിക്കൽ ട്രസ്റ്റ്, മറൈൻ ഡ്രൈവ് തുടങ്ങിയ ജംഗ്ഷനുകളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഡിജിറ്റൽ നിരീക്ഷണമടക്കം ഏകോപിപ്പിച്ച സമഗ്രസംവിധാനം കേരളത്തിൽ ഉടൻ നടപ്പാക്കണമെന്ന് നിർദ്ദേശിച്ചു. റിപ്പോർട്ട് അധികൃതർക്ക് കൈമാറും.
അദ്ധ്യാപിക ഡോ. സൂര്യ ആൻ കോശിയുടെ നേതൃത്വത്തിൽ നാലാംവർഷ വിദ്യാർത്ഥികളായ കെ.എ. മുഹമ്മദ് സാദിർ, രാഹുൽദേവ്, റിജ്വിത് സുബ്രഹ്മണ്യൻ, ടി.പി. സൗഗന്ധ്, കെ.ജെ. ശ്രീകണ്ഠൻ, മീനാക്ഷി രാജീവ്, എ.ധനിഷ് എന്നിവരാണ് പഠനം നടത്തിയത്.

പരിഹാരം വേണം

കുഴികൾ 24 മണിക്കൂറിനകം അടയ്ക്കണം

ട്രാഫിക് സിഗ്നൽ തകരാർ പ്രവൃത്തി സമയങ്ങളിൽ ഒരു മണിക്കൂറിനുള്ളിലും മറ്റ് സമയങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിലും പരിഹരിക്കണം

റോഡ് ശൃംഖലയെ പ്രത്യേക പരിപാലന മേഖലകളായി തിരിച്ച് ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനെയും എൻജിനിയറിംഗ് സംഘത്തെയും കരാറുകാരനെയും നിയോഗിക്കണം

റോഡുകൾ, നടപ്പാതകൾ, മീഡിയനുകൾ, ഗതാഗത വിളക്കുകൾ, റോഡ് അടയാളങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓടകൾ തുടങ്ങിയവ ഉൾപ്പെടുത്തി കേന്ദ്രീകൃത ഡിജിറ്റൽ വിവരശേഖരണ സംവിധാനം വേണം

ഓരോ 20 മീറ്ററിലും റോഡിന്റെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണം

കള്ളപ്പണിക്ക് പിഴ

മികവിന്റെ അടിസ്ഥാനത്തിൽ കരാറുകാർക്ക് പണം നൽകണം. തട്ടിപ്പ് നടത്തുകയോ നിലവാരം പുലർത്താതിരിക്കുകയോ ചെയ്താൽ പിഴയോ കരാർ റദ്ദാക്കലോ വേണം.

റോഡ് നിർമ്മാണമോ അറ്റകുറ്റപ്പണിയോ നടക്കുമ്പോൾ സ്ഥലം, പ്രവൃത്തിയുടെ ദൈർഘ്യം, ഗതാഗത നിയന്ത്രണം, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് എസ്.എം.എസിലൂടെയും മറ്റും അറിയിപ്പ് നൽകണം.

വൈറ്റിലയിൽ സ്ഥിതി സങ്കീർണം

വൈറ്റിലയിൽ വിവിധ റോഡുകൾ കൊച്ചി കോർപ്പറേഷൻ, ദേശീയപാത അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ ഏജൻസികളുടെ കീഴിലാണ്. അതുകൊണ്ടുതന്നെ നടപടികൾ വൈകുന്നു. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നതായും പരാതിയുണ്ട്. വെള്ളം റോഡിലേക്ക് ഇറങ്ങുന്നതും തുടർച്ചയായ വാഹന ഗതാഗതവും മൂലം ഉപരിതലം ദുർബലമാകുകയും കുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. വൈറ്റില ജംഗ്ഷനിൽ നടത്തിയ സർവേയിൽ 72പേർ പങ്കെടുത്തു.


മറൈൻ ഡ്രൈവ് മാതൃക

ഹൈക്കോടതി ജംഗ്ഷൻ മേഖലയിലെ റോഡുകൾ ഒരൊറ്റ ഏജൻസിയുടെ കീഴിലായതിനാൽ പരിപാലനം കാര്യക്ഷമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL