
കൊച്ചി: പുറത്തേയ്‌ക്ക് ഇറങ്ങിയാൽ വിയർത്തു കുളിക്കും. അത്രയ്ക്കാണ് ചൂട്. ഈ മാസം ഒമ്പതു വരെ ജില്ല ഇങ്ങനെ ചുട്ടുപൊള്ളുമെന്നാണ് കാലാവസ്ഥാ പ്രവചനം. മൺസൂൺ പാടെ ദുർബലമായതാണ് കാരണം. ഇതിനൊപ്പം കടലിൽ നിന്നുള്ള ഉയർന്ന ഈർപ്പവും അന്തരീക്ഷ താപനില ഉയർന്നതുമാണ് സമാനതകളില്ലാത്ത കാലാവസ്ഥയ്ക്ക് കാരണം. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഈ ദിവസങ്ങളിൽ താപനില ഉയരാനാണ് സാദ്ധ്യത.
പകൽ മാത്രമല്ല, രാത്രിയിലും ചൂടിൽ നിന്ന് ആശ്വാസമില്ല. വരുംദിവസങ്ങളിൽ കളമശേരി ഉൾപ്പെടെ എറണാകുളത്തിന്റെ വിവിധ ഇടങ്ങളിൽ യു.വി. ഇൻഡക്‌സ് 7 വരെ ഉയരാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ മുന്നിറിയിപ്പ്. യു.വി. ഇൻഡക്‌സ് 6നും 7നും ഇടയിലായാൽ യെല്ലോ അലർട്ടും 8 മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് അലർട്ടും 11ന് മുകളിലായാൽ റെഡ് അലർട്ടുമാണ്. നിലവിൽ യെല്ലോ അലർട്ട് പരിധിയിലുള്ള എറണാകുളത്ത് സൂര്യാഘാതവും സൂര്യാതപവും ഒഴിവാക്കാൻ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.
ചക്രവാതച്ചുഴി ആശ്വാസമാകും
അടുത്ത രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെങ്കിലും ഈമാസം 10ഓടെ മദ്ധ്യതെക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമായേക്കും. തുടർച്ചയായ വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് മഴ പെയ്യുന്നതോടെ ചൂടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജാഗ്രതാ നിർദ്ദേശങ്ങൾ
1. പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കരുത്
2. ദാഹമില്ലെങ്കിലും വെള്ളം, ഒ.ആർ.എസ്. സംഭാരം എന്നിവ കുടിക്കുക. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക
3. അയഞ്ഞ, ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
4. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, കിടപ്പുരോഗികൾ, പുറംജോലിക്കാർ, മാദ്ധ്യമപ്രവർത്തകർ, ഡെലിവറി ബോയ്‌സ് എന്നിവർ പ്രത്യേക ജാഗ്രത പാലിക്കുക.
5. സ്‌കൂൾ അസംബ്ലികളും ഉച്ചവെയിലിലെ പൊതുപരിപാടികളും ഒഴിവാക്കുക
6. മൃഗങ്ങൾക്ക് തണലും വെള്ളവും ഉറപ്പാക്കുക.
7. നിറുത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്.
8. കാട്ടുതീ, കെട്ടിടങ്ങളിലെ തീപിടിത്തം എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കുക.
9. അസ്വസ്ഥത തോന്നിയാൽ വൈദ്യസഹായം തേടുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |