കൊച്ചി: എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പരിഗണിക്കുന്ന ഹർജിയിൽ വ്യാജ തെളിവ് സമർപ്പിച്ചെന്നാരോപിച്ച് ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമായ ഫ്ലിപ്ക്കാർട്ടിന്റെ മേധാവിക്കെതിരെ പരാതി. എറണാകുളം സ്വദേശി എം.വി. രതീഷ് ഫ്ലിപ്പ്കാർട്ടിൽ നിന്നു വാങ്ങിയ മൾട്ടിപ്ലഗ് ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്ന് ഷോക്കേറ്റതിനെത്തുടർന്ന് ഫ്ലിപ്പ്കാർട്ടിനും ഉകരണത്തിന്റെ നിർമ്മാതാക്കളായ ഡിജി.വെ ഇൻഫോകോം എന്ന സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കമ്മിഷനിൽ സമർപ്പിച്ചിരുന്ന പരാതിയുടെ തുടർ നടപടികൾക്കിടെയാണ് കേസിൽ ഒന്നാം എതിർകക്ഷിയായ ഫ്ലിപ്പ്കാർട്ടിന്റെ വെബ്സൈറ്റിൽ വ്യാജ തെളിവുകൾ എഡിറ്റ് ചെയ്ത് സൃഷ്ടിച്ചശേഷം അവ തെളിവായി കോടതിയിൽ സമർപ്പിച്ചെന്ന ആരോപണം ഉയർന്നത്.
പരാതിക്കാരൻ വാങ്ങിയ ഇലക്ട്രിക്കൽ ഉപകരണം കമ്പ്യൂട്ടർ സിസ്റ്റത്തിൽ കണക്ട് ചെയ്ത് ഉപയോഗിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉപകരണം കമ്പ്യൂട്ടർ സിസ്റ്റത്തിൽ കണക്ട് ചെയ്ത് ഉപയോഗിക്കുവാൻ പാടില്ലെന്ന മുന്നറിയിപ്പ്, പരാതി ഉയർന്നതിനു ശേഷം ഫ്ലിപ്കാർട്ടിന്റെ വെബ്സൈറ്റിൽ എഡിറ്റ് ചെയ്ത് കയറ്റിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഉപഭോക്തൃ കമ്മിഷൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ പരാതിക്കാരൻ വാങ്ങിയ ഇലക്ട്രിക്കൽ ഉപകരണത്തിന്റെ നിർമ്മാണത്തിൽ പിഴവുകളുണ്ടെന്നും അതിൽ നിന്ന് വൈദ്യുതാഘാതം ഏൽക്കാൻ സാദ്ധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. 2023 ജൂലായ് 14നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. വ്യാജ തെളിവ് സമർപ്പിച്ചതിനെതിരെയുള്ള പരാതി വാദം കേൾക്കാനായി ഉപഭോക്തൃ കമ്മിഷൻ ഡിസംബർ 15ലേക്ക് മാറ്റിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |