SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.01 AM IST

പെരിയാറിലെ മത്സ്യക്കുരുതി ,​ 13.55 കോടി രൂപ നഷ്‌ടപരിഹാരം

periyar

കൊച്ചി: എറണാകുളം ജില്ലയുടെ ശുദ്ധജല ലഭ്യതയിൽ സുപ്രധാനപങ്ക് വഹിക്കുന്ന പെരിയാറിൽ രണ്ടുവർഷം മുമ്പുണ്ടായ രാസമലിനീകരണവും മത്സ്യങ്ങളുടെ കൂട്ടക്കുരുതിയും മൂലം നഷ്‌ടം സംഭവിച്ച കർഷകരെയും മത്സ്യത്തൊഴിലാളികളെയും സഹായിക്കാൻ 13.55 കോടി രൂപയുടെ പാക്കേജ് ഫിഷറീസ് വകുപ്പ് തയ്യാറാക്കി.

പെരിയാറിലെ മത്സ്യക്കൃഷി നാശത്തിന് 7,03,66,280 രൂപയും ഉപജീവനം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 6,51,94,500 രൂപയും നൽകാനാണ് ഫിഷറീസ് വകുപ്പ് ശുപാർശ നൽകിയത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിക്കാൻ നടപടികൾ ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.പെരിയാറിലെ മലിനീകരണവും മത്സ്യനാശവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ സുജിത്ത് സി. സുകുമാരൻ നൽകിയ നിവേദനത്തിലാണ് ഫിഷറീസ് വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ സ്‌മിത ആർ. നായർ മറുപടി നൽകിയത്.

നിരീക്ഷിക്കാൻ എ.ഐ

പെരിയാറിലെ വ്യവസായ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ അധിഷ്ഠിതമായ തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനുള്ള നടപടികൾ ഫിഷറീസ് വകുപ്പ് ആരംഭിച്ചു.

നഷ്‌ടം 50 കോടി

2024 മേയ് 20നാണ് പെരിയാറിൽ വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ദിവസങ്ങളോളം അടച്ചിട്ടിരുന്ന പാതാളം റഗുലേറ്റർ കം ബ്രിഡ്‌ജ് തുറന്നതോടെ രാസമാലിന്യം കലർന്നു. തുടർന്ന് വെള്ളത്തിലെ ഓക്‌സിജൻ അളവ് കുറഞ്ഞതുമൂലമാണ് മത്സ്യങ്ങൾ ചത്തതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയത്. 50 കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയത്.

നടപടികൾ

മലിനീകരണം തടയാൻ ഫിഷറീസ്, ആരോഗ്യം, ജലസേചനം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു

രാസമാലിന്യങ്ങൾ ഒഴുക്കുന്ന ഫാക്‌ടറികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി

മലിനീകരണ നിയന്ത്രണ ബോർഡും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കർമ്മപദ്ധതി തയ്യാറാക്കി നടപടികൾ ആരംഭിച്ചു

ആവശ്യങ്ങൾ

നഷ്‌ടം സംഭവിച്ച കർഷകരുടെ വായ്‌പകൾ എഴുതിത്തള്ളുക

മത്സ്യക്കുരുതിക്ക് കാരണക്കാരായ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കുക

പെരിയാർ നിരീക്ഷണത്തിന് എ.ഐ സംവിധാനം ഏർപ്പെടുത്തുക

പെരിയാറിൽ മത്സ്യദുരന്തം നടന്ന് രണ്ടുവർഷം കഴിഞ്ഞെങ്കിലും ഇരയായ കർഷകർക്ക് യാതൊരുവിധ ആശ്വാസവും ലഭിച്ചിട്ടില്ല.

സുജിത്ത് സി. സുകുമാരൻ

സാമൂഹ്യ പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL