
കൊച്ചി: പഴയ കതൃക്കടവ് റോഡിലെ ഒരു കെട്ടിടത്തിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് രാത്രി ഓടിയെത്തിയതായിരുന്നു പൊലീസ്. പക്ഷേ, കണ്ടത് 11 യുവതികളെ തടവിൽ വച്ച് നടത്തുന്ന അനാശാസ്യവും. പേര് സ്പാ എന്നും. യുവതികളെ പൊലീസ് രക്ഷിച്ചു. ഇടപാടുകാരെ പൊക്കി. അന്വേഷണം അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. പ്രത്യേക സംഘം കേസ് ഏറ്റെടുത്തു. ഒടുവിൽ വിലങ്ങ് വീണത് കൊച്ചിയെ വിറപ്പിച്ച, അടുത്തിടെ മരണപ്പെട്ട കുപ്രസിദ്ധ ഗുണ്ട ഭായ് നസീറിലാണ്. കേസിൽ ഏഴാം പ്രതിയായിരുന്നു ഭായ് നസീർ. സ്ഥാപനം നടത്തിപ്പിന് ഇയാളാണ് സംരക്ഷണം നൽകിയിരുന്നതെന്ന കണ്ടെത്തലായിരുന്നു അറസ്റ്രിലേക്ക് നീണ്ടത്. നല്ലൊരു തുകയാണ് സ്പായുടെ സുരക്ഷയ്ക്കായി വാങ്ങിയിരുന്നത്.
കൊച്ചി നഗരത്തിലെ അനധികൃത സ്പാകളെല്ലാം ഇപ്പോൾ അധോലോക ക്രിമിനലുകളുടെയും മാഫിയ സംഘങ്ങളുടെയും താവളങ്ങൾ കൂടിയാണ്. ആദ്യമെല്ലാം സെക്‌സ് റാക്കറ്റുകൾക്ക് തടസമില്ലാതെ തഴച്ചുവളരാൻ തണലൊരുക്കുകയായിരുന്നു ഭായ് നസീറിനെപോലെയുള്ള ഗുണ്ടകളുടെ ജോലി. കണ്ണഞ്ചിപ്പിക്കുന്ന ലാഭം കണ്ട് പിന്നീട് ഗുണ്ടാ സംഘങ്ങൾ സ്വന്തമായി തിരുമൽ കേന്ദ്രങ്ങൾ നടത്താൻ തുടങ്ങി. ഗുണ്ടകളായതിനാൽ മറ്റാരും ചോദ്യം ചെയ്യില്ലെന്ന ധൈര്യമാണ് ഇവർക്ക്.
പിന്നിൽ അധോലോകവും
കൊച്ചി സിറ്റി പൊലീസ് പരിധിയിലടക്കം അടുത്തിടെ പിടിയിലായ പെൺവാണിഭ കേന്ദ്രങ്ങൾക്ക് പിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ അനധികൃത കേന്ദ്രങ്ങൾക്ക് ആവശ്യമായ 'സംരക്ഷണം' നൽകുന്നതും പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് പ്രവർത്തനം നടത്താൻ സൗകര്യമൊരുക്കുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവമാർ ഇതിൽ നേരിട്ട് ഇടപെടില്ലത്രേ. സഹായികളാണ് കാര്യങ്ങളെല്ലാം നടത്തിപ്പിനായി ഏൽപ്പിക്കുക.
സ്പാകളുടെ മറവിൽ നടക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് പിന്നിൽ വൻ പണമിടപാടുകളും അധോലോക ബന്ധങ്ങളുമുണ്ട്. സ്പാകളുടെ നടത്തിപ്പുകാരും ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള ബന്ധം നഗരസുരക്ഷയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഹബ്ബുകളായി മാറിയ ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസും ഇറങ്ങണം.
ഗുണ്ടാപ്പിരിവ്
സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ മാത്രമല്ല, ക്രൂരമായ കൊള്ളയും ക്രിമിനൽ ആക്രമണങ്ങളും വ്യാപകമാണ്. സ്ഥാപന ഉടമകളുമായും ജീവനക്കാരുമായും സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. അടുത്തിടെ കൊച്ചി നഗരത്തിലെ ഒരു സ്പായിൽ അതിക്രമിച്ചു കയറിയ തൃശൂർ സ്വദേശികളായ സിയാദ്, രാകേഷ്, ആകാശ്, നിഖിൽ എന്നീ കുപ്രസിദ്ധ കുറ്റവാളികളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ജീവനക്കാരിയായ യുവതിയെ കത്തിമുനയിൽ നിറുത്തി മർദ്ദിച്ച് അവശയാക്കിയ ശേഷം ആറ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. മുക്കുത്തി വരെ ഊരിവാങ്ങി കടന്നുകളഞ്ഞ ഈ സംഘത്തിൽ പൊലീസിന് നേരെ കത്തിവീശിയതടക്കം 33ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും ഉണ്ടായിരുന്നു. പൊലീസിൽ പരാതിപ്പെടില്ലെന്നതാണ് ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ കാരണം.
ലക്ഷങ്ങൾ പോക്കറ്റിൽ
ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള, കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന യുവതികളെയാണ് റാക്കറ്റ് ട്രാപ്പിലാക്കുന്നത്. ഇരകളിൽ ഒരാളെ മാനേജരാക്കും. പ്രതിമാസം മൂന്നര ലക്ഷത്തിലധികം രൂപയാണ് അനാശാസ്യ കേന്ദ്രത്തിലൂടെ കഴിഞ്ഞ വർഷം അറസ്റ്റിലായ നടത്തിപ്പുകാരൻ സമ്പാദിച്ചിരുന്നത്. സഹായിക്കും മാനേജരായ യുവതിക്കും 20,000 രൂപ വീതവും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് നൽകിയിരുന്നത്. അനാശാസ്യത്തിലൂടെ വേറെയും വരുമാനം യുവതികൾക്ക് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |