SignIn
Kerala Kaumudi Online
Friday, 11 September 2026 7.42 PM IST

മന്ത്രിസന്ദർശനത്തിന് ഒരുമാസം,​ മെഡിക്കൽ കോളേജിൽ വീണ്ടും മെല്ലെപ്പോക്ക്

medical-collage

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ പ്രവർത്തനം ആരോഗ്യ, വ്യവസായമന്ത്രിമാർ നേരിട്ടെത്തി വിലയിരുത്തി നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരുമാസം കഴിഞ്ഞിട്ടും മെല്ലെപ്പോക്ക്. പാവപ്പെട്ട രോഗികൾക്ക് ആശയ്രം നൽകേണ്ട സർക്കാർ സ്ഥാപനങ്ങളെ മികവുറ്റതാക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആരോഗ്യമന്ത്രിക്ക് കത്തയച്ചു.

കഴിഞ്ഞ ആഗസ്റ്റ് 31നാണ് വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ മെഡിക്കൽ കോളേജ് സന്ദർശിച്ചത്. മുടങ്ങിയ കെട്ടിട നിർമ്മാണം ഉൾപ്പെടെ പ്രശ്നങ്ങളിൽ അധികൃതർക്ക് നിർദ്ദേശങ്ങൾ നൽകിയെങ്കിലും നടപ്പാക്കൽ നീളുകയാണ്.

നടപ്പാകാത്തവ

►മുന്നൂറ് കോടി ചെലവിൽ നിർമ്മിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണം മന്ദഗതിയിൽ. 200 പേർ ജോലി ചെയ്തിരുന്നെങ്കിലും 60 പേരാണ് ഇപ്പോഴുള്ളത്

►രണ്ടു നിലകളുടെ പണിയും വൈദ്യുതീകരണ ജോലികളും ബാക്കി
►സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചിട്ടില്ല

►ഒഴിവുള്ള ഡോക്ടർമാരുടെ തസ്തികകൾ നികത്തുന്നതിന് നടപടി ആരംഭിച്ചില്ല

►കാൻസർ സെന്ററിന്റെ ഓഫീസ് എറണാകുളത്തു നിന്ന് കളമശേരിയിലേക്ക് മാറ്റിയില്ല. ഓഫീസ് സീൽ പതിപ്പിക്കാൻ പോലും കളമശേരിയിൽ നിന്ന് എറണാകുളത്ത് വരണം

►കാൻസർ സെന്ററിൽ ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുതന്നെ

►ഡപ്യൂട്ടേഷൻ അവസാനിക്കുന്ന ഡോക്ടർമാരെ നിലനിറുത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല

നടപ്പായവ

►കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജിസ്റ്റ് ചുമതലയേറ്റു

►മെഡിക്കൽ കോളേജ് കെട്ടിട നിർമ്മാണം പുനരാരംഭിച്ചു

വേണം കൂടുതൽ സൂപ്പർ
1999 ൽ സഹകരണ മേഖലയിൽ സ്ഥാപിതമായി 2013 ൽ സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ കുറവാണ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നിവയിലാണ് സൂപ്പർ സ്‌പെഷ്യാലിറ്റി. കാർഡിയോളജിയിൽ കാത്ത് ലാബ് ഉണ്ടെങ്കിലും ആൻജിയോപ്ളാസ്റ്റി ചെയ്യാൻ ചെയ്യാൻ സൗകര്യവും ആവശ്യമായ ഡോക്ടർമാരും ജീവനക്കാരുമില്ല.
ദേശീയപാതയുടെ സമീപമാണെങ്കിലും റോഡപകടങ്ങളിൽ പെടുന്നവർക്ക് തലച്ചോറിന് ക്ഷതം ഏറ്റാൽ ചികിത്സിക്കാൻ ന്യൂറോ സർജൻ ഇല്ല. തീപിടുത്തമുണ്ടായാൽ അടിയന്തിര ചികിത്സ നൽകുന്നതിന് സുസജ്ജമായ സംവിധാനങ്ങളില്ല. പ്ലാസ്റ്റിക് സർജൻ ഇല്ല.
ഗാസ്‌ട്രോ മെഡിസിൻ, ഗാസ്‌ട്രോ സർജറി, യൂറോളജി, പീഡിയാട്രിക് സർജറി, കാർഡിയോ തൊറാസിക് സർജറി വിഭാഗങ്ങളിൽ ഒരു ഡോക്ടർ പോലുമില്ല. സ്ഥിരം തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നതു വരെ താൽക്കാലിക നിയമനം നടത്തണമെന്നാണ് ആവശ്യമുയരുന്നത്.

പി.ജി. കോഴ്‌സുകൾക്ക് അനുമതി ലഭിക്കാൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ആവശ്യമാണ്. സർജറി, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി വിഭാഗങ്ങളിൽ പി.ജി കോഴ്‌സുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

ഡോ.എൻ.കെ. സനിൽകുമാർ,ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL