SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.25 AM IST

'പഠിച്ച കള്ളന്മാർ'ക്ക് പിടിവീണു

accused

കൊച്ചി: കെട്ടിട നിർമ്മാണ സൈറ്റുകളിൽ നിന്ന് വിലപിടിപ്പേറിയ ചെമ്പ്, പിത്തള സാമഗ്രികൾ കവരുന്നതിന് പിടിയിലായ അസാം സംഘം ‘പഠിച്ച കള്ളൻമാർ’. പിടിക്കപ്പെടാതിരിക്കാൻ വാഹനങ്ങളും മൊബൈൽ ഫോണും ഒഴിവാക്കിയാണ് സഞ്ചാരം. ഒരിടത്തും സ്ഥിരം തങ്ങില്ല. രാത്രി കാലത്ത് മേൽപ്പാലങ്ങൾക്ക് താഴെ താമസിക്കും. ചെമ്പ് കമ്പികൾ, പൈപ്പ് ഫിറ്റിംഗുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവ അടിച്ചു മാറ്റുന്നതിലാണ് ‘സ്പെഷ്യലൈസേഷൻ’. മോഷണം നടത്തുന്ന പ്രദേശത്തെ ആക്രിക്കടകളിൽ കയ്യോടെ വില്പന നടത്തി കാശാക്കി പെരുമ്പാവൂരിലെ താമസ സ്ഥലത്തേക്ക് കടക്കും.

അസാം സ്വദേശികളായ ഇമ്രാൻ ഹുസൈൻ (26), റാഷിദുൾ ഹഖ് (26), ഭാസ്കർ ബഡാ (23), അക്ബർ അലി (22) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി ബൈപ്പാസ് റോഡിലെ എച്ച്.പി പെട്രോൾ പമ്പിന് സമീപം മസ്ജിദ് റോഡ് പരിസരത്ത് നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ ചാക്കുകളിലും തുണിക്കെട്ടുകളിലുമായി നിറയെ കോപ്പർ ട്യൂബുകളും ഇലക്ട്രിക്ക് വയറുകളുമായിരുന്നു. സമീപത്തെ ഒരു ആക്രി കടയിൽ വില്പനയ്ക്ക് എത്തിയതാണ്. ഈ ആക്രിക്കടയുടെ ഉടമ തമ്മനം നന്ദാനത്ത് പറമ്പിൽ വീട്ടിൽ അനസിനെ ( റസാഖ് 54) മോഷണക്കേസിൽ തൊടുപുഴ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഏ​റെ​യി​ഷ്ടം​ ​കോ​പ്പ​ർ​ ​പ്ലേ​റ്റു​ക​ൾ

വൻകിട കെട്ടിടങ്ങളുടെ നിർമ്മാണ സൈറ്റിൽ വൈദ്യുത എർത്തിംഗിന് ഉപയോഗിക്കുന്ന കോപ്പർ പ്ലെയിറ്റുകളോടാണ് ഈ കള്ളൻമാർക്ക് പ്രിയം. കിലോയ്ക്ക് 1480 രൂപ ആക്രിക്കടക്കാർ നൽകും. ഇരുളിന്റെ മറപറ്റിയാണ് കോപ്പർ പ്ലേറ്റുകൾ മുറിച്ചെടുക്കുന്നത്. പൂട്ടിക്കിടക്കുന്ന വീടുകളുടെ പിൻവാതിൽ തകർത്ത് പൈപ്പുകളും പ്ലംബിംഗ് സാധനങ്ങളും കവരും. വൈദ്യുതി വയ‌ർ ഊരിയെടുത്ത് അതിലെ ചെമ്പുകമ്പികൾ ഊരിയെടുക്കുന്നതും പതിവാണ്. അടുത്തിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സമാന മോഷണങ്ങൾക്ക് പിന്നിൽ ഇവരുൾപ്പെട്ട പെരുമ്പാവൂർ സംഘമാണെന്നാണ് പൊലീസിന്റെ അനുമാനം.

കണ്ണടച്ച് ആക്രിക്കച്ചവടക്കാർ

മോഷണ സാധനങ്ങളാണെന്ന് അറിഞ്ഞു കൊണ്ടാണ് ആക്രിക്കച്ചവടക്കാർ ഇവ വാങ്ങുന്നതെന്ന് പൊലീസ് പറയുന്നു. തൊടുപുഴ കോലാനി അമരംകാവ് ക്ഷേത്രത്തിൽ നിന്ന് കവർന്ന നിലവിളക്കുകളും ഉരുളികളും തൂക്കുവിളക്കുകളും വിലയ്ക്ക് വാങ്ങിയതിനാണ് തമ്മനത്തെ ആക്രിക്കച്ചവടക്കാരൻ അനസിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാലാരിവട്ടത്ത് പിടിയിലായ നാലംഗ സംഘത്തെയും കുടുക്കിയത്. തൊടുപുഴയിലെ അമ്പല മോഷണവുമായി ഇവർക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടം സി.ഐ മഞ്ജിത്ത് ലാൽ, എസ്.ഐമാരായ ബിബിൻ, അരുൺ, ജഗീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY