നേര്യമംഗലം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ, ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിർമ്മാണ പ്രതിസന്ധി പരിഹരിക്കാൻ വൈകാതെ അന്തിമ തീരുമാനമെടുക്കണമെന്ന് ദേശീയപാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വനമേഖലയിൽ റോഡിന്റെ റീ ടാറിംഗ് ജോലികൾ പൂർത്തിയായെങ്കിലും, വീതി വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്. ദേശീയപാതയുടെ മറ്റ് ഭാഗങ്ങളിൽ നവീകരണ ജോലികൾ വേഗത്തിൽ പുരോഗമിക്കുമ്പോഴാണ് നേര്യമംഗലം വനമേഖലയിൽ മാത്രം നിർമ്മാണം പൂർണ്ണമായി തടസപ്പെട്ടിരിക്കുന്നത്. വനമേഖലയിൽ റോഡിന് വീതി കൂട്ടുന്നതിനും സുരക്ഷാ ഭിത്തികൾ നിർമ്മിക്കുന്നതിനുമായി കരാർ കമ്പനി പണികൾ ആരംഭിച്ചിരുന്നെങ്കിലും, തുടർന്ന് നേരിട്ട നിയമക്കുരുക്കുകളാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. നേരത്തെ നിർമ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ ജനകീയ പ്രതിഷേധങ്ങൾക്ക് യു.ഡി.എഫ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ നേര്യമംഗലം വനമേഖലയിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നിയമതടസങ്ങൾ നീക്കുമെന്ന വാഗ്ദാനവും യു.ഡി.എഫ് നേതാക്കൾ മുന്നോട്ടുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സർക്കാരിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നത്.
റോഡിൽ കുഴികൾ രൂപപ്പെടുകയും ജനരോഷം ശക്തമാകുകയും ചെയ്തതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗങ്ങളിൽ റീ ടാറിംഗ് നടത്തിയിരുന്നു. എന്നാൽ കേവലം റീ ടാറിംഗ് കൊണ്ട് മാത്രം വനമേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനോ അപകടസാദ്ധ്യതയ്‌ക്കോ പരിഹാരമാകില്ലെന്നാണ് സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്നത്.
മഴക്കാലം ദുരിതമാകും
മഴക്കാലത്ത് ഈ പാതയോരങ്ങളിൽ നിന്ന് മരങ്ങൾ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നത് പതിവാണ്. നിലവിലെ തൽസ്ഥിതി തുടർന്നാൽ വരാനിരിക്കുന്ന മഴക്കാലത്തും സമാനമായ ദുരിതം ജനങ്ങൾ അനുഭവിക്കേണ്ടി വരും. അതിനാൽ റോഡിന്റെ വീതി വർദ്ധിപ്പിക്കുകയും സുരക്ഷാ ഭിത്തികൾ അടിയന്തരമായി നിർമ്മിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |