SignIn
Kerala Kaumudi Online
Sunday, 31 May 2026 11.20 PM IST

കാലവർഷമെത്തിയിട്ടും ശുചീകരണം പാതിവഴിയിൽ

road
തൊടുപുഴ -ഉടുമ്പന്നൂർ റോഡിൽ ഞറുക്കുറ്റിക്ക് സമീപം വളർന്നുനിൽക്കുന്ന പുല്ലുകളും കാട്ടുചെടികളും. റോഡിലേക്ക് അപകടകരമായ രീതിയിൽ ചെരിഞ്ഞുനിൽക്കുന്ന പാഴ്മരങ്ങളാണ് ഇതിനുമുകളിലുള്ളത്

തൊടുപുഴ: കാലവർഷം പടിവാതിൽക്കലെത്തിയിട്ടും പല തദ്ദേശസ്ഥാപനങ്ങളിലും മഴക്കാലപൂർവ്വ ശുചീകരണങ്ങൾ പാതിവഴിയിൽ. ശുചീകരണത്തിന്റെ ഭാഗമായി റോഡരികിലെ കാടുവെട്ടി തെളിച്ചതല്ലാതെ മറ്റ് കാര്യമായ ശുചീകരണ പ്രവൃത്തികൾ പലയിടത്തും നടത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. വെട്ടിയിട്ട കാട്ടുചെടികളാകട്ടെ ശക്തമായ മഴ മൂലം വീണ്ടും വളർന്നതോടെ പഴയപടി പടർന്ന് പന്തലിച്ചിരിക്കുകയാണ്. പലയിടത്തും ഓടകൾ വൃത്തിയാക്കാതെ പേരിന് കാട്ടുചെടികൾ മാത്രം തെളിച്ച് ശുചീകരണം നടത്തിയതായും വ്യാപക പരാതിയുണ്ട്. റോഡിലേക്ക് വളർന്ന് നിൽക്കുന്ന ചെറുതും വലുതുമായ മരങ്ങളും കാട്ടുചെടികളും അടക്കമുള്ളവ വാഹനയാത്രക്കാർക്കും കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയാണ്. ഇതിന് പുറമേ കാട്ടുചേമ്പുകൾ അടക്കമുള്ള ചെടികൾ തഴച്ച് വളർന്ന് റോഡിലെ കാഴ്ചകൾ മറയ്ക്കാൻ തുടങ്ങിയതും പ്രതിസന്ധിയാണ്. സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ നിന്ന് റോഡിലേക്ക് വളർന്നു നിൽക്കുന്ന മരങ്ങളും ചെടികളുമെല്ലാം പലയിടത്തുമുണ്ട്. മിക്ക തദ്ദേശസ്ഥാപനങ്ങളും ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പലരും ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

 കാനകളിലെല്ലാം മണ്ണ്

ഗ്രാമീണമേഖലകളിൽ പലയിടത്തും മഴപെയ്താൽ ചെളിവെള്ളം റോഡിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. പാതയോരത്തെ കാനകളിൽ കാട്ടുചെടികൾ വളർന്നും കരിയിലകൾ അടിഞ്ഞും നീരൊഴുക്ക് തടസപ്പെട്ടതാണ് പ്രധാനകാരണം. മഴവെള്ളത്തിനൊപ്പം റോഡിലും റോഡരുകിലുമായി ഇളകിക്കിടന്നിരുന്ന കല്ലും മെറ്റലും മരക്കഷണങ്ങളുമെല്ലാം റോഡിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ശക്തമായൊരു മഴപെയ്താൽ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ പോലും കഴിയാത്തവിധം വെള്ളക്കെട്ടാണ് മിക്കറോഡുകളിലും. മലയോരങ്ങളിൽ കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.

പലയിടത്തും മുന്നിൽ നാട്ടുകാർ

നിലവിൽ ഓടകളും പാതയോരങ്ങളും ശുചീകരിച്ചിരിക്കുന്ന മിക്കയിടങ്ങളും നാട്ടുകാരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കിയിരിക്കുന്നത്. റെസിഡൻസ് അസോസിയേഷനുകൾ, യുവജനസംഘടനകൾ, ക്ലബ്ബുകൾ, ഓട്ടോ- ടാക്സി ഡ്രൈവ‌ർമാർ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെയൊക്കെ നേതൃത്വത്തിലാണ് ശുചീകരണം. ചിലയിടങ്ങളിലെങ്കിലും ജനപ്രതിനിധികളും എല്ലാത്തിനും മുമ്പിൽ നിൽക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL