SignIn
Kerala Kaumudi Online
Wednesday, 15 July 2026 8.07 AM IST

മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം

cheruthoni

ചെറുതോണി: മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം കേട്ടത് പ്രദേശവാസികളെ ഭീതിയിലാക്കി. ആറ്റുപുറത്ത് എ.എസ്. സൂനീറിന്റെ വീട്ടുമുറ്റത്താണ് പുലർച്ചെ മുതൽ അസാധാരണമായ ശബ്ദം കേട്ടത്.

സൂനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആദ്യം ശ്രദ്ധിച്ച ഈ ശബ്ദം ഭൂമിക്കടിയിലൂടെ ജലം ശക്തമായി ഒഴുകുന്നതിന് സമാനമായിരുന്നെന്ന് പറയുന്നു. 2018ലെ പ്രളയകാലത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയ സോയിൽ പൈപ്പിംഗ് പ്രതിഭാസമാണോ ഇതെന്ന സംശയത്തിലാണ് വീട്ടുകാരും സമീപവാസികളും. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജി, റവന്യൂ വകുപ്പുകൾക്ക് വിവരം കൈമാറി.

14 വർഷം മുമ്പാണ് പുതുതായി ഈ വീട് ഇവിടെ നിർമ്മിച്ചത്. അതിനുമുമ്പും ഈ കുടുംബം ഇവിടെ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഏഴ് വർഷം മുമ്പാണ് വീടിന് മുൻവശത്ത് കൂടിയുള്ള ചെട്ടിമാട്ടേൽ കവല റോഡ് നവീകരിച്ച് നിർമിച്ചത്. ശബ്ദം കേട്ട ഭാഗത്ത് കമ്പി ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഭൂമിക്കടിയിൽ ജലസാന്നിധ്യമുണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. പിന്നീട് ടോർച്ചിന്റെ വെളിച്ചത്തിൽ പരിശോധിച്ചപ്പോൾ വെള്ളം ഒഴുകുന്നതായി കാണാൻ കഴിഞ്ഞെങ്കിലും, അത് എവിടേക്കാണ് ഒഴുകിപ്പോകുന്നതെന്ന് വ്യക്തമല്ല. വിഷയത്തിൽ അടിയന്തരമായി ജിയോളജി വകുപ്പ് ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL