ഇടുക്കി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാവിലെ 8.40ന് ഇടുക്കി ഹെഡ്ക്വാർട്ടേഴ്സ് റിസർവ് ഇൻസ്‌പെക്ടർ പി.എച്ച്. ജമാലിന്റെ നേതൃത്വത്തിൽ നടന്ന പരേഡിൽ ജില്ലാ പൊലീസ് മേധാവി ഡോ. എ. നാസിം, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ അഭിവാദ്യം സ്വീകരിച്ചു. ഒമ്പതിന് വേദിയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് പരേഡിന്റെ അഭിവാദ്യം ഏറ്റുവാങ്ങിയ ശേഷം തുറന്ന ജീപ്പിൽ പരേഡ് പരിശോധന നടത്തി. വിവിധ സേനാവിഭാഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ 21 പ്ലറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. പരേഡിന് ശേഷം മികച്ച പ്രകടനം കാഴ്ചവച്ച പ്ലറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളിലെ വിജയികൾ
പൊലീസ് വിഭാഗം: ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, ഇടുക്കി
എൻ.സി.സി സീനിയർ ഡിവിഷൻ: സെന്റ് ജോർജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്
എൻ.സി.സി ജൂനിയർ ഡിവിഷൻ: സയൺ പബ്ലിക് സ്‌കൂൾ, സ്വരാജ്
സ്റ്റുഡന്റ് പൊലീസ് കേഡറ്റ്: പൈനാവ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, നങ്കിസിറ്റി എസ്.എൻ.എച്ച്.എസ്.എസ്, കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്
സ്‌കൗട്ട്സ് & ഗൈഡ്സ്: കുളമാവ് ജവഹർ നവോദയ വിദ്യാലയ
പതാക നിധി: കൂമ്പൻപാറ ഫാത്തിമമാത ജി.എച്ച്.എസ്
ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമം ചെറുക്കണം: മന്ത്രി അനൂപ് ജേക്കബ്
ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് തല ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മതേതര മൂല്യങ്ങളും ജനാധിപത്യവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. റോയി കെ. പൗലോസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി ഡോ. എ. നാസിം, ബ്ലോക്ക് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, എ.ഡി.എം മിനി കെ. ജോൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |