SignIn
Kerala Kaumudi Online
Friday, 02 October 2026 3.56 AM IST

വേളൂർ വനമേഖലയിൽ കാട്ടാനയെ ചെറുക്കാൻ സോളാർ ഫെൻസിംഗ്

elephant-kottakkavala

ഉടുമ്പന്നൂർ: വന്യമൃഗശല്യം രൂക്ഷമായ വേളൂർ വനമേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്. മലയിഞ്ചി മുതൽ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് 29 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള ഫണ്ട് വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. വേളൂ‌ർ തേക്ക് പ്ലാന്റേഷനിലെ വനമേഖലയോട് ചേർന്നുള്ള പാതയിലായതിനാൽ മുറിച്ച് നീക്കേണ്ട മരങ്ങളുടെ കണക്കെടുപ്പ് നടത്തി മാർക്ക് ചെയ്തതിന് ശേഷമായിരിക്കും തുടർ നടപടികൾ. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വേളൂർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജി പറഞ്ഞു. മലയിഞ്ചിക്കും ഫോറസ്റ്റ് ഓഫീസിനുമിടയിൽ പുലികാവ്, വേളൂർ, വരിക്കമറ്റം ഭാഗങ്ങളിലെ ആനകളുടെ സ്ഥിരം സഞ്ചാരപാതകളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെൻസിംഗ് സ്ഥാപിക്കുന്നതോടെ കൃഷിയിടങ്ങളിലും ജനവാസ മേഖലയിലുമുള്ള ആനശല്യം നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാൽ കിലോമീറ്ററുകളോളം വനമേഖല നീണ്ടുകിടക്കുന്ന പ്രദേശത്ത് കേവലം ഒമ്പത് കിലോമിറ്റർ ഫെൻസിംഗ് എന്നത് പ്രായോഗികമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

 കാട്ടാനശല്യം രൂക്ഷം

പ്രദേശത്ത് പലയിടങ്ങളിലും കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. വരിക്കമറ്റം, വേളൂർ, മലയിഞ്ചി തുടങ്ങിയ ഉൾപ്രദേശങ്ങളിൽ തുടർന്നിരുന്ന ആനശല്യം ഇപ്പോൾ കോട്ടക്കവലയിലെ ജനവാസമേഖലകളിലേക്കും എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്തെ വള്ളിയാടി, അമയപ്ര, കോട്ടക്കവല മേഖലകളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. റബർ, വാഴ, പൈനാപ്പിൾ തുടങ്ങിയ കാർഷിക വിളകൾക്ക് പുറമേ കുടിവെള്ള പമ്പും ഹോസുമടക്കം ആനകൾ ചവിട്ടി നശിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ സുരക്ഷ ഉറപ്പാക്കണമെന്നും സോളാർ വേലി സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് വനപാലകർക്ക് പരാതി നൽകിയിരിക്കുകയാണ്. വേളൂർ, വരിക്കമറ്റം, മലയിഞ്ചി മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ കൃഷി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ് കർഷകർക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL