ഉടുമ്പന്നൂർ: പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് കാഴ്ചക്കാരായി നിൽക്കുന്നതായി ആരോപണം. കഴിഞ്ഞദിവസം രാത്രിയിൽ തേക്ക് പ്ലാന്റേഷന് സമീപം താമസിക്കുന്ന താഴത്തെ ബൗണ്ടറി പൊട്ടനാനിക്കൽ സുധാകരന്റെ പറമ്പിലെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. നിറയെ കായ് ഫലമുള്ള ഇരുപത് വർഷത്തോളം പഴക്കമുള്ള തെങ്ങ്, കൊക്കോ, വാഴ തുടങ്ങി പറമ്പിലെ ആദായങ്ങളെല്ലാം കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു. വേളൂർ വനമേഖലയിൽ നാളുകളായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടമാണ് പട്ടയ ഭൂമിയിലെ കാർഷിക വിളകൾ നാമാവശേഷമാക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട സുധാകരനും കുടുംബവും പതിറ്റാണ്ടുകളായി ഈ പ്രദേശത്താണ് താമസം. സുധാകരന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വിവിധ ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിൽ സമീപ പ്രദേശമായ കിഴക്കൻ പാടത്തെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പ്രദേശവാസികളായ അഞ്ച് പേരുടെ കൃഷിയാണ് നശിപ്പിച്ചത്. വേളൂർ വനമേഖലയിൽ ഒറ്റ തിരിഞ്ഞ് നടക്കുന്ന ഒരു കാട്ടാനയാണ് ജനവാസ മേഖലയിൽ ശല്യക്കാരനായി മാറുന്നത്.
ജനകീയ പ്രതിഷേധം നാളെ
പഞ്ചായത്തിലെ അമയപ്ര , വള്ളിയാടി, കിഴക്കൻ പാടം മേഖലകളിൽ കാട്ടാനശല്യം രുക്ഷമായതോടെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാളെ വേളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 10.30ന് പരിയാരം കവലയിൽ നിന്നാണ് പ്രതിഷേധം ആരംഭിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ വനം വകുപ്പും പ്രതിരോധത്തിലാണ്. ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി 29 ലക്ഷം രൂപ വനം വകുപ്പ് അനുവദിച്ചിരുന്നു. ഇത് വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ ഭാഗം മുതൽ മലയിഞ്ചിവരെയുള്ള ഭാഗത്തേക്കായാണ് അനുവദിച്ചിരിയുന്നത്. എന്നാൽ മറ്റ് മേഖലകളിലും ആന ശല്യം രൂക്ഷമായതോടെ മൂന്ന് കോട്ടക്കവല അമയപ്ര ഭാഗങ്ങളിലേക്കുള്ള 3 കിലോമീറ്റർ ഭാഗത്തേക്കും ഫെൻസിംഗ് സ്ഥാപിക്കുവാനാണ് വനം വകുപ്പിന്റെ തീരുമാനം. വനമേഖലയിലുള്ള വരിക്കമറ്റം, വേളൂർ തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിലും ശല്യം രൂക്ഷമായതോടെ പ്രദേശവാസികളായ പലരും സ്വന്തം കൃഷിയിടവും വീടും ഉപേക്ഷിച്ച് നാട്ടിൻ പുറത്തേക്ക് വാടകയ്ക്ക് വീടെടുത്ത് മാറി താമസിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |