SignIn
Kerala Kaumudi Online
Sunday, 08 November 2026 9.24 PM IST

ഹൈക്കോടതി കണ്ണുരുട്ടി: കൈയേറ്റം ഒഴിപ്പിക്കൽ വേഗത്തിലായി

ozhippikkal

തൊടുപുഴ: മുവാറ്റുപുഴ - തേനി സംസ്ഥാനപാതയിലെ അനധികൃത കൈയേങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കുമാരമംഗലം പഞ്ചായത്തിൽ നടപടികൾക്ക് തുടക്കമായി.. ഈസ്റ്റ് കലൂർ കല്ലമ്പള്ളികവല ഭാഗത്തുള്ള പതിനെട്ട് കൈയേറ്റങ്ങളാണ് റവന്യൂവകുപ്പിന്റെ നിർദ്ദേശപ്രകാരം പൊതുമരമാത്ത് ഒഴിപ്പിച്ചത്. ഇവിടെ ആകെ 22 കൈയേറ്റങ്ങളാണ് മുമ്പ് കണ്ടെത്തിയിരുന്നത്. ഇതിൽ അഞ്ച് വീടുകളും ഉൾപ്പെട്ടിരുന്നു. ഇതിലൊരു വീടാണ് ഇന്നലെ പൊളിച്ചത്. ബാക്കിയുള്ള നാലു വീടുകൾ തിങ്കളാഴ്ച പൊളിച്ച് നീക്കുമെന്ന് അധികൃതർ അറിയിച്ചു. കൈവശാവകാശത്തോടെ ഇവിടെ താമസിപ്പിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കാൻ സാവധാനം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഒഴിപ്പിക്കലിന് താത്ക്കാലിക ഇളവ് നൽകിയത്. ഇവരെ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ വാടകയ്ക്ക് താമസിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു റവന്യൂ - പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത ഏറ്റെടുക്കൽ. രണ്ടാംഘട്ടത്തിൽ കല്ലമ്പള്ളിക്കും പെരുമാങ്കണ്ടത്തിനും ഇടയിലായുള്ള പതിനേഴ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. പിന്നീട് കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും അധികൃതർ വൃക്തമാക്കി. കൈയേറ്റങ്ങൾ 13ന് അകം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ജില്ലാകളക്ടർക്ക് കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്.

വളരുന്നു, വികസനപ്രതീക്ഷ

പൊതുമരാമത്ത് - വന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകുന്നതോടെ മലയോര മേഖലയിലെ ഗതാഗത വികസനത്തിന് പുതിയ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിലെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് മൂവാറ്റുപുഴ - തേനി പാത വികസനം. നിലവിലുള്ള റോഡ് നാലുവരിയായി ഉയർത്തുന്നതിന്റെ ഭാഗമായാണ് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കുന്നത്. മൂവാറ്റുപുഴയിൽ നിന്ന് ആരംഭിച്ച് കല്ലൂർക്കാട്, പെരുമാംകണ്ടം, കോടിക്കുളം, ഉടുമ്പന്നൂർ, മണിയാറൻകുടി, കട്ടപ്പന, കമ്പംമെട്ട് വഴി തേനി വരെയാണ് പാത നിർമിക്കുന്നത്. ഇതിൽ മൂവാറ്റുപുഴ മുതൽ പെരുമാംകണ്ടം വരെയുള്ള നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. എന്നാൽ പെരുമാംകണ്ടം മുതലുള്ള ഭാഗങ്ങളിൽ വിവിധയിടങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന് തടസങ്ങൾ നേരിട്ടതോടെ ആക്ഷൻകൗൺസിൽ കോടതിയെ സമീപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL