
തൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വണ്ടമറ്റം പടികുഴയിൽ ഗിരോഷ് (39) കുറ്റക്കാരനാണെന്നാണ് തൊടുപുഴ പ്രിൻസിപ്പൽ കോടതി കണ്ടെത്തിയത്. അടിമാലി ഇരുമ്പുപാലം 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെ (38) കൊന്ന കേസിലാണ് വിധി. ജഡ്ജി സനു എസ്. പണിക്കർ 10ന് ശിക്ഷ വിധിക്കും. കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, കവർച്ച എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. 2017 ഒക്ടോബർ 10നാണ് കേസിനാസ്പപദമായ സംഭവം.
2015ൽ ഗിരോഷും മാങ്കുളത്തെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായുള്ള അടുപ്പം മനസിലാക്കിയ സെലീന നിർബന്ധപൂർവം ഇവരുടെ വിവാഹം നടത്തിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പ്രതിയുടെ പേരിൽ സെലീന വായ്പയെടുത്തിരുന്നു. ഇത് കുടിശികയാക്കിയതും വിരോധത്തിനിടയാക്കി. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളിൽ ഗിരോഷ് സെലീനയ്ക്കെതിരെ പരാതിപ്പെട്ടിരുന്നു. പക്ഷേ, ഗിരോഷ് ആഗ്രഹിച്ച പരിഹാരം ഇക്കാര്യത്തിലുണ്ടായില്ല. ഇതിനിടെ ഭാര്യയുടെ പ്രസവത്തിനായി ഗിരോഷിന് പണം ആവശ്യമായി വന്നു. പണത്തിനായി സെലീനയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.
ക്രൂരമായ കൊലപാതകം
സംഭവദിവസം ഉച്ചയോടെ തന്റെ ബൈക്കിലാണ് ഗിരോഷ് സെലീനയുടെ വീട്ടിലെത്തിയത്. ശേഷം കൈയിൽ കരുതിയിരുന്ന കഠാരകൊണ്ട് സെലീനയുടെ കഴുത്തിൽ പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മടങ്ങിയ ഗിരോഷ് മൂന്നോടെ തിരിച്ചെത്തി. ശേഷം സെലീനയുടെ ഇടത് മാറിടം മുറിച്ചെടുത്ത് ബാഗിലാക്കി വീട്ടിലേക്ക് പോയി. സെലീനയുടെ ഭർത്താവ് മത്സ്യവ്യാപാരിയായ സിയാദ് കച്ചവടത്തിന് ശേഷം രാത്രി 7.45നെത്തിയപ്പോഴാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്.
പഴുതടച്ച അന്വേഷണം
അടിമാലി സി.ഐയായിരുന്ന പി.കെ. സാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്‌പൈസസസ് സ്ഥാപനത്തിലെ സി.സി കാമറ ദൃശ്യങ്ങൾ പ്രതിയെക്കുറിച്ച് വ്യക്തത നൽകി. സംഭവദിവസം ഗിരോഷ് ബൈക്കിൽ രണ്ടു തവണ സെലീനയുടെ വീട്ടിലെത്തുന്നത് ദൃശ്യത്തിലുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പടിഞ്ഞാറെ കോടിക്കുളം ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടി.
ഗിരോഷിന്റെ വീട്ടിൽ നിന്ന് സെലീനയുടെ ഇടതുമാറും കത്തിയും സ്വർണമാണെന്ന് കരുതി മൃതദേഹത്തിൽ നിന്ന് അപഹരിച്ച മാലയും താലിയും പൊലീസ് കണ്ടെടുത്തു. കേസിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 41 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കി. സെലീനയുടെ വീടിന്റെ പരിസരത്ത് നിന്ന് ശേഖരിച്ച മണ്ണും പ്രതിയുടെ ചെരിപ്പിന് അടിയിൽ നിന്ന് ലഭിച്ച മണ്ണും സാമ്യമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതും നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |