SignIn
Kerala Kaumudi Online
Monday, 01 June 2026 2.30 AM IST

ശമനമില്ലാതെ വന്യമൃഗശല്യം; കർഷകർ ഭീതിയിൽ

wild-animal

കണ്ണൂർ: ജില്ലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് ശമനമില്ല. മലയോര മേഖലയിലെ കർഷകരും ജനങ്ങളുമാണ് വന്യമൃഗ ശല്യത്താൽ ഏറെ ദുരിതം അനുഭവിക്കുന്നത്. ആലക്കോട്, കരുവഞ്ചാൽ,​ ആറളം, ചെമ്പേരി, ഉളിക്കൽ, പയ്യാവൂർ മേഖലകളിലാണ് വന്യമൃഗ ശല്യം രൂക്ഷം.

അക്രമകാരികളായ മൃഗങ്ങൾ ജനവാസ മേഖഖലകളിൽ പ്രവേശിക്കുന്നത് പതിവു കാഴ്ചയാണ്. ആറ് വർഷത്തിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് പാമ്പുകടിയേറ്റാണ്. 33 മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ആനയുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. പത്ത് വർഷത്തിനിടെ ആനകൾ ചവിട്ടിയരച്ചത് 15 ജീവനുകളാണ്.

വനപ്രദേശത്തോട് ചേർന്ന് വാഴ, തെങ്ങ്, കമുക് പോലുള്ള കൃഷികൾ ചെയ്യുന്നത് വന്യമൃഗങ്ങളെ ആകർഷിക്കുന്നതാണ് വന്യ ജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കാൻ കാരണങ്ങളിലൊന്ന്. ഇത്തരം കൃഷികൾ ഒഴിവാക്കുന്നതിന് കർഷകർക്കിടയിൽ നടത്തുന്ന ബോധവത്കരണം നടത്തുന്നത് ഫലപ്രാപ്തിയിലെത്താത്തതും തേനീച്ച വളർത്തൽ പോലെയുള്ള കൃഷി രീതികൾ പരീക്ഷിക്കാത്തതും വെല്ലുവിളിയായി തുടരുകയാണ്. ജില്ലയിലെ മലയോര പ്രദേശങ്ങളായ പയ്യാവൂർ, ആറളം, പേരാവൂർ, ഇരിട്ടി തുടങ്ങിയ ഇടങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്നത്. പയ്യാവൂർ മേഖലയിൽ കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്.

ആറളത്ത് 'ഓപ്പറേഷൻ ഗജമുക്തി'

ആറളം ഫാമിന്റെ കൃഷിയിടങ്ങളിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള 'ഓപ്പറേഷൻ ഗജമുക്തി' ദൗത്യത്തിൽ 8 ആനകളെ ഇതുവരെ കാടുകയറ്റി. ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയോടിക്കാനായത് 9 ആനകളെ. ഇനിയും 6 ആനകൾ ഫാം മേഖലയിൽ തമ്പടിച്ചിട്ടുള്ളതായാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.


കുരങ്ങ് ശല്യവും രൂക്ഷവും

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിലെ മലയോര മേഖലയിലെ 90 ശതമാനം പഞ്ചായത്തുകളിലും കുരങ്ങ് ശല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ശ്രീകണ്ഠപുരത്ത് കോട്ടൂർ,​ ചാക്യർ ഭാഗങ്ങളിലും, മലപ്പട്ടം പഞ്ചായത്തിലെ വിവിധയിടങ്ങളിലും കുരങ്ങ് ശല്യം രണ്ടു മാസമായി രൂക്ഷമായി തുടരുകയാണ്. പ്രദേശത്തെ തെങ്ങിൻ തോപ്പുകളെല്ലാം കുരങ്ങുകൾ താവളമാക്കി. മച്ചിങ്ങകളും കരിക്കുകളും വ്യാപകമായി നശിപ്പിക്കുന്നു.

തെങ്ങു കൃഷിയുള്ളവർ പോലും നാളികേരം ലഭിക്കാത്തതിനാൽ വിപണിയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. പപ്പായ, വാഴക്കുലകൾ തുടങ്ങി പല കാർഷിക വിളകളും മൂപ്പെത്തും മുൻപേ നശിപ്പിക്കുന്നു. ചക്ക, മാങ്ങ സീസണായതോടെ ഇവയും വ്യാപകമായി നശിപ്പിക്കുകയാണ്.

1. ആറ് വർഷത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചവർ - 33

2. 10 വർഷത്തിനിടെ ആനയുടെ ചവിട്ടേറ്റ് മരിച്ചവർ -15

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ANIMALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL