SignIn
Kerala Kaumudi Online
Thursday, 18 June 2026 4.48 AM IST

ഇന്ധന നിയന്ത്രണമല്ല ; ഇത് തൊഴിൽനിഷേധം പമ്പുകളിലെ ചില്ലറ വില്പനയ്ക്ക് നിരോധനം സർവമേഖലയ്ക്കും തിരിച്ചടി

3

ഇളവുകൾ തേടി പമ്പുടമകൾ

കണ്ണൂർ: കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയ ഇന്ധന വിതരണ നിയന്ത്രണ ഉത്തരവ് നടപ്പായാൽ കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകൾ കടുത്ത പ്രതിസന്ധിയിലാകും. ഇതുപ്രകാരം വാഹനങ്ങളുടെ ടാങ്കുകളിലോ,​ അംഗീകൃത കാനുകളിലോ മാത്രമെ ഇന്ധനം ലഭിക്കുകയുള്ളു.ജൂൺ 11ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈസ്പീഡ് ഡീസൽ ഓർഡറിൽ പ്രായോഗിക ഇളവുകളും വ്യക്തതയും വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കളക്ടർ പി.വിഷ്ണുരാജിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഉത്തരവ് കർശനമായി നടപ്പിലാക്കിത്തുടങ്ങിയതോടെ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർവമേഖലകളും ബുദ്ധിമുട്ടിലായിട്ടുണ്ട്. പമ്പുകളിലേക്ക് നേരിട്ട് എത്തിക്കാൻ കഴിയാത്ത വലിയ കാർഷിക യന്ത്രങ്ങൾക്കും ജലസേചന മോട്ടോറുകൾക്കും ഡീസൽ ലഭ്യമാക്കാൻ പദ്ധതി ഇല്ലെന്നതാണ് ഒന്നാമത്തെ പ്രശ്നം. ആശുപത്രികൾ, മൊബൈൽ ടവറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജനറേറ്ററുകൾക്ക് ഇന്ധനം എത്തിക്കുന്നതിലും പ്രായോഗിക ഇളവ് ലഭിക്കേണ്ടതുണ്ട്.ഷിപ്പിംഗ് ബോട്ടുകൾക്ക് 200 ലിറ്റർ എന്ന പരിധി തീർത്തും അപര്യാപ്തമാണ്.ഇന്ധനം ആവശ്യപ്പെട്ടെത്തുന്നവരുമായി പമ്പുകളിൽ നിരന്തര തർക്കം ഉണ്ടാകുന്നതായും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.കാനുകൾക്കു പകരം മന്ത്രാലയം നിർദേശിക്കുന്ന സുരക്ഷിതമായ ജെൽ കാനുകൾ വിപണിയിൽ ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.


പ്രതിഷേധിക്കാതെ വയ്യ
നിയന്ത്രണം കർശനമായി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ പമ്പുടമകൾ പ്രതിഷേധവുമായി രംഗത്തിറങ്ങും. ഇന്ധന ദുരുപയോഗം തടയാനുള്ള കേന്ദ്രനീക്കം ന്യായമാണെങ്കിലും, അത് ജില്ലയിലെ സാധാരണക്കാരുടെയും അവശ്യസേവന മേഖലകളുടെയും നിത്യജീവിതത്തെ ബാധിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ വൈകാതെ വരുമെന്നാണ് പമ്പുടമകളുടെ പ്രതീക്ഷ.അസോസിയേഷൻ പ്രസിഡന്റ് സി ഹരിദാസ്, ജനറൽ സെക്രട്ടറി എം.അനിൽ, ട്രഷറർ എം.പി.ധനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാകളക്ടർക്ക് നിവേദനം സമർപ്പിച്ചത്.

ഉത്തരവ് വന്ന വഴി

മൊത്തചില്ലറ വിൽപന വിലയിലെ അന്തരം മൂലം വ്യാവസായികവാണിജ്യ ഉപഭോക്താക്കൾ ചില്ലറ വിൽപന കേന്ദ്രങ്ങളിലേക്ക് തിരിയുന്നതും ഇന്ധനം പൂഴ്ത്തിവെക്കാനും വഴിതിരിച്ചുവിടാനും ഇടയാക്കുന്നുവെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. ഇത് തടയാനാണ് 90 ദിവസത്തേക്കുള്ള ഉത്തരവ്.ഉത്തരവനുസരിച്ച് സ്ഥാപനങ്ങൾ, വ്യവസായവാണിജ്യ ഉപഭോക്താക്കൾ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ നിന്ന് ഇന്ധനം വാങ്ങാൻ പാടില്ല. സ്വന്തം ഉപഭോക്തൃ പമ്പുകളിൽ നിന്ന് മാത്രമേ ഇന്ധനം സ്വീകരിക്കാവൂ. വാഹനത്തിന്റെ ടാങ്കിലോ അംഗീകൃത കണ്ടെയ്നറിലോ മാത്രമേ ഇന്ധനം നിറയ്ക്കാനാകു. ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ എന്ന പരിധിയും പുനർവിൽപന വിലക്കും ഏർപ്പെടുത്തി. ഉത്തരവ് ലംഘനം ആവശ്യവസ്തു നിയമപ്രകാരം ശിക്ഷാർഹമാണ്.

ഇന്ധനമില്ലാതെ എങ്ങനെ പ്രവർത്തിപ്പിക്കും

വിവിധ തരം കാർഷിക യന്ത്രങ്ങൾ

ജലസേചന മോട്ടോറുകൾ

ജനറേറ്ററുകൾ

ഷിപ്പിംഗ് ബോട്ടുകൾ( 200 ലിറ്റർ പരിധിയ്ക്ക് മുകളിൽ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL