
ഇരിട്ടി:ആറളം ഫാം പുനരധിവാസ മേഖലയിലെ പൂക്കുണ്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം അഞ്ച് ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.ഫാമിലെ ഏറ്റവും അപകടകാരിയായ വലിയ മോഴയാനയാണ് ആക്രമണം നടത്തിയത്. വാഹനം കുത്തിമറിച്ചിട്ടാണ് കാട്ടാന കലി തീർത്തത്.
വാഹനത്തിന് നേരെ ആന വരുന്നത് കണ്ട ആർ.ആർ.ടി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനന്തു ജീവനക്കാരായ അഖിൽ, രാഗേഷ് ജിമ്പിൻ ഭാസ്കരൻ, എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തിലുണ്ടായിരുന്ന വനപാലകർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
മോഴയാന അപകടകാരിയല്ലെന്ന വനംവകുപ്പിന്റെ വാദത്തിനിടെയുണ്ടായ ഈ സംഭവം വീണ്ടും ആനയുടെ ആക്രമണ സ്വഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കിയിരിക്കുകയാണ്. പ്രദേശവാസികൾ ആനയെ അടിയന്തരമായി പിടികൂടുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ആക്രമകാരിയല്ലെന്ന് വനംവകുപ്പ് റിപ്പോർട്ട്
ആറളം ഫാം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിരവധി പേരുടെ മരണത്തിന് കാരണമായ മോഴയാനയാണ് ഇതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.അപകടകാരിയായ ഈ മോഴയാനയ്ക്കെതിരെ നടപടിക്ക് നിർദ്ദേശിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയതാണ്. എന്നാൽ ഈ ആന മനുഷ്യർക്കെതിരെ ആക്രമണം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്ന നിലപാടാണ് വനംവകുപ്പ് കോടതിയിൽ സ്വീകരിച്ചത്. ആനയെ നിരന്തരം നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി വനംവകുപ്പിന് നിർദേശവും നൽകിയിരുന്നു.ഇതിനിടയിലാണ് ഇന്നലെ രാത്രി ആർ.ആർ.ടി സംഘത്തിന്റെ ജീപ്പ് തന്നെ ആനയുടെ ആക്രമണത്തിനിരയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |