
കണിച്ചാർ: കാട്ടാനകളുടെ കലിപ്പിൽ ഓടംന്തോട് അടക്കമുള്ള പ്രദേശങ്ങൾ.വെള്ളിയാഴ്ച അർദ്ധ രാത്രിയോടെ പ്രദേശത്ത് എത്തിയ കാട്ടാന കൂട്ടം ഏക്കറ് കണക്കിന് സ്ഥലം ചവിട്ടി മെതിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കുട്ടിയാനകൾ ഉൾപ്പെടെയുള്ള കൂട്ടം ഇന്നലെ പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
രണ്ട് പ്രദേശങ്ങളിലേക്ക് തിരിഞ്ഞാണ് ആനകൾ ആക്രമണം നടത്തിയത്. ഓടന്തോട് ചപ്പാത്ത്, ഓടന്തോട് മണത്തണ എന്നീ റോഡുകൾക്ക് സമീപത്ത് താമസിക്കുന്നവരുടെ കൃഷിഭൂമിയിലാണ് കൂടുതലായും നാശനഷ്‌ടം സംഭവിച്ചത്.കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ആനയിറങ്ങി വ്യാപകമായ നാശനഷ്‌ടങ്ങൾ വരുത്തുകയാണ്.
കഴിഞ്ഞ ദിവസം ആന ചവിട്ടി മറിച്ച ഞാമത്തോലിൽ കുഞ്ഞപ്പന്റെ വീട്ടുമതിലിന്റെ കൂടുതൽ ഭാഗവും നശിപ്പിക്കപ്പെട്ടു വള്ളിക്കുന്നേൽ ടോമി, ചെറുപറമ്പിൽ ജോയി, ഞാമത്തോലിൽ മാത്യു, പാമ്പാടിയിൽ തോമസ്,പെരുമന രാജൻ , ജിമ്മി പയ്യമ്പള്ളി,വടക്കേ മുളഞ്ഞിനാൽ റോബിൻ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്,കവുങ്ങ്,വാഴ,റബ്ബർ,ചേമ്പ് ഉൾപ്പെടെ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചതോടെ കർഷകർ ഭീതിയിലും ദുരിതത്തിലുമായി. പ്രദേശത്ത് കൂടുതൽ പേരും റബ്ബർ ടാപ്പിംഗ് നടത്തി ഉപജീവനം നയിക്കുന്നവരാണ്. കൂടുതൽ പേരും പുലർച്ചെയാണ് ടാപ്പിംഗിന് പോകുന്നത്.
നാളുകളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രാത്രിയിലും പുലർച്ചെയും
ജനവാസ മേഖലകളിൽ കാട്ടാന തമ്പടിക്കുന്നത്. ഇതുമൂലം റെയിൻ ഗാർഡിട്ട റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യാൻ പോലും തൊഴിലാളികൾക്ക് സാധിക്കുന്നില്ല. റബ്ബറിന് നല്ല വിലയുള്ളപ്പോഴാണ് ടാപ്പിംഗ് മുടങ്ങുന്നതെന്നും നാട്ടുകാർ പരാതി പറയുന്നു. രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തി കാട്ടാനകളെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |