SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

കെട്ടിടങ്ങൾക്ക് സെസ് നോട്ടീസുമായി തൊഴിൽവകുപ്പ് ആശങ്കയിൽ വീട്ടുടമകൾ

kettidam
ഓര്‍ഡര്‍

കണ്ണൂർ: 1996 മുതൽ നിർമ്മാണം പൂർത്തിയായ വീടുകളും മറ്റ് കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയ്ക്ക് നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ തൊഴിൽവകുപ്പ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഓരോ മാസവും നിശ്ചിത എണ്ണം കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി സെസ് ഈടാക്കാൻ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്ക് ലക്ഷ്യം നിശ്ചയിച്ചതായാണ് വിവരം. ഇതോടെ, വർഷങ്ങൾക്കുമുമ്പ് വീട് നിർമിച്ച സാധാരണക്കാരും ഇടത്തരക്കാരും ഉൾപ്പെടെ നിരവധി പേർ ആശങ്കയിലാണ്.
കണ്ണൂർ ജില്ലയിൽ മാത്രം പ്രതിമാസം ഏകദേശം 1500 കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകാനാണ് നിർദേശം. തൊഴിൽവകുപ്പ് പുറത്തിറക്കിയ നോട്ടീസ് പ്രകാരം, 1996ൽ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി നിലവിൽ വന്നതിനു ശേഷം നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങളിൽ, മുമ്പ് സെസ് അടച്ചിട്ടില്ലെങ്കിൽ അത് ഈടാക്കാനാണ് നടപടി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പരിശോധിച്ചാണ് നോട്ടീസുകൾ അയക്കുന്നത്.

ഒരു ശതമാനം സെസ്; വൻ ബാധ്യത
നിർമാണ ചെലവിന്റെ ഒരു ശതമാനമാണ് ക്ഷേമനിധി സെസായി ഈടാക്കുന്നത്. നിർമാണ തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, വിവാഹസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ ക്ഷേമപദ്ധതികൾക്ക് ആവശ്യമായ ധനസമാഹരണത്തിനാണ് ഇത് ഉപയോഗിക്കുന്നത്.
എന്നാൽ പഴയ കെട്ടിടങ്ങളുടെ നിർമാണ ചെലവ് എങ്ങനെ കണക്കാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന പരാതിയുണ്ട്. കെട്ടിടത്തിന്റെ വിസ്തീർണവും പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കുകളും അടിസ്ഥാനമാക്കിയാണ് ചെലവ് നിർണയിക്കുന്നത്. ഇതുമൂലം വലിയ വീടുകളുടെ ഉടമകൾക്ക് ലക്ഷങ്ങൾ വരെ സെസ് ബാധ്യത വരുമെന്നാണ് ആശങ്ക.

സാധാരണക്കാരെ വലയ്ക്കുന്ന നടപടി
പത്ത് ലക്ഷം രൂപയിൽ താഴെ നിർമാണച്ചെലവുള്ള വീടുകൾക്കുമാത്രമാണ് ഇളവ്. വർഷങ്ങൾക്ക് മുമ്പ് വായ്പയെടുത്ത് വീട് നിർമിച്ച സാധാരണ കുടുംബങ്ങൾക്ക് ഇപ്പോൾ വലിയ തുക ഒരുമിച്ച് കണ്ടെത്തേണ്ടി വരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആക്ഷേപം. സെസ് തുക ഒരുമിച്ച് അടയ്ക്കുന്നതിനുപകരം കൂടുതൽ ഗഡുക്കളായി അടയ്ക്കാൻ അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്.

24 ശതമാനം പലിശയും
റവന്യൂ റിക്കവറിയും

തൊഴിൽവകുപ്പ് നോട്ടീസിൽ വ്യക്തമാക്കുന്നതുപോലെ, നിശ്ചിത സമയത്തിനുള്ളിൽ സെസ് അടയ്ക്കാത്തവർക്ക് വീണ്ടും നോട്ടീസ് നൽകും. തുടർന്ന് കുടിശ്ശിക തുടർന്നാൽ 24 ശതമാനം വരെ പലിശ ഈടാക്കാനും ഒടുവിൽ റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കാനുമാണ് നിയമപരമായ വ്യവസ്ഥ.

ഹാജരാക്കേണ്ട രേഖകൾ

1.ബിൽഡിംഗ് പെർമിറ്റ്.
2.ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് / കംപ്ലീഷൻ സർട്ടിഫിക്കറ്റ്.
3.വൺടൈം ഹൗസ് ടാക്സ് രസീത്.
4.ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖ.
5.വിദഗ്ദ്ധരുടെ വിലയിരുത്തൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL