SignIn
Kerala Kaumudi Online
Friday, 10 July 2026 2.11 AM IST

സൗന്ദര്യക്കാഴ്ചകളൊരുക്കി മലയോര വെള്ളച്ചാട്ടങ്ങൾ

water
കാപ്പിമലയിലെ വൈതൽക്കുണ്ട് വെള്ളച്ചാട്ടം.

ആലക്കോട്: മഴ കനത്തതോടെ മലയോര വെള്ളച്ചാട്ടങ്ങൾ സൗന്ദര്യക്കാഴ്ചകളുമായി സജീവം. പ്രധാന ടൂറിസം കേന്ദ്രങ്ങളായ വൈതൽ മല, കാപ്പിമല, ഏഴരക്കുണ്ട്, പാലക്കയം തട്ടിനു സമീപത്തെ ജാനകിപ്പാറ, വഞ്ചിയം, കാരക്കുണ്ട്, മേന്തോന്നി, കാഞ്ഞിരക്കൊല്ലി, അളകാപുരി, ആനയറ എന്നി വെള്ളച്ചാട്ടങ്ങൾ നിരവധി സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളാണ്. വൈതൽ താഴ്‌വാരങ്ങളിലെ പ്രധാന വെള്ളച്ചാട്ടങ്ങളായ വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നിവയും മറ്റു ചെറു വെള്ളച്ചാട്ടങ്ങളും വന്യമായ സൗന്ദര്യക്കാഴ്ചകൾ ഒരുക്കുകയാണ്. പരിയാരം പഞ്ചായത്തിലെ കാരക്കുണ്ട്, കടന്നപ്പള്ളി പഞ്ചായത്തിലെ മേന്തോന്നി എന്നിവയാണ് മറ്റു ചിലവെള്ളച്ചാട്ടങ്ങൾ.

യുവാക്കളെയും വിദ്യാർത്ഥികളെയും മറ്റു വിനോദസഞ്ചാരികളെയും ഏറെ ആകർഷിക്കുന്നവയാണ് ഇവയെല്ലാം. മഴക്കാലം കനക്കുകയും ജലാശയങ്ങൾ ജലസമൃദ്ധമാവുകയും ചെയ്തതോടെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും ശക്തമായി.

മറുനാടുകളിൽ നിന്ന് എത്തുന്ന സന്ദർശകർക്ക് പുറമേ സൗന്ദര്യം തുളുമ്പി നിൽക്കുന്ന വെള്ളച്ചാട്ടങ്ങളുടെ അപകടാവസ്ഥയെ കുറിച്ച് കാര്യമായ ബോധ്യം ഉണ്ടാവില്ല. വിദ്യാർത്ഥിനീ വിദ്യാർത്ഥികളും യുവതീ യുവാക്കളും അവധി ദിനങ്ങൾ ആഘോഷിക്കാൻ കൂട്ടത്തോടെ എത്തുകയും അപകടങ്ങളിൽ പെടുകയും ചെയ്യാറുണ്ട്.

മിക്ക വെള്ളച്ചാട്ടങ്ങളും സ്ഥിതിചെയ്യുന്നത് കനത്ത മഴയത്ത് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലഞ്ചെരിവുകളിലാണ്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ സമീപം കഴിഞ്ഞ വർഷത്തിനു മുന്നേ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണ്. കാപ്പിമലയിലെ വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല.

സുരക്ഷാക്രമീകരണങ്ങൾ പരിമിതം

ഇത്തരം സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളോ സുരക്ഷാക്രമീകരണങ്ങളോ പരിമിതമാണ്. ഏഴരക്കുണ്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിൽ മാത്രമാണ് പേരിനെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഉള്ളത്. ഏഴരക്കുണ്ടിൽ സഞ്ചാരികളെ നിരീക്ഷിക്കാൻ ജീവനക്കാർ ഉണ്ടെങ്കിലും കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിൽ ഇത്തരത്തിൽ സംവിധാനങ്ങൾ ഇല്ല. ശക്തമായ ഒഴുക്കാണ് കനത്ത മഴ പെയ്യുമ്പോൾ അളകാപുരിയിൽ ഉണ്ടാവുക. കാപ്പിമലയിലെ വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ വർഷം കൊളച്ചേരി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചിരുന്നു. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് തളിപ്പറമ്പ് സ്വദേശികളായ രണ്ട് വിദ്യാർത്ഥികളും മുങ്ങിമരിച്ചിരുന്നു. അപകടം യഥാസമയം കണ്ടെത്തുന്നതിന് സാധിക്കാതെ വന്നതാണ് മരണകാരണമായത്.

മഴപെയ്താൽ വഴുക്കൽ നിറഞ്ഞ കരിങ്കൽപ്പാറകളും കുത്തനെയുള്ള ചരിവുകളും ഉള്ളവയാണ് മിക്ക വെള്ളച്ചാട്ടങ്ങളും. ഇവിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾക്കുംമരണങ്ങൾക്കും അശ്രദ്ധയാണ് കാരണം.

മലയോരത്തെ മൺസൂൺസൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർ സ്വയം ജാഗ്രത പാലിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ് എന്നിവർ ഇത്തരം കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം

തദ്ദേശവാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL