SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

മഴയ്ക്ക് ശമനം, ശമിക്കാതെ ദുരിതം

payyavoor-raod
ശ്രീകണ്ഠപുരം പയ്യാവൂർ റോ റോഡിൽ വെള്ളം കയറിയ നിലയിൽ

വെള്ളത്തിൽ മുങ്ങി മലയോര ഗ്രാമങ്ങൾ


കണ്ണൂർ: ഇന്നല പുലർച്ചെ പെയ്ത കനത്തമഴയിൽ ജില്ലയിലെ മലയോര ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശ്രീകണ്ഠപുരം, ചെങ്ങളായി ടൗണുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. ശ്രീകണ്ഠപുരം ടൗണിലെ ഇരുനൂറിലധികം വരുന്ന വ്യാപാരികൾ ദുരിതത്തിലായി. 50ലധികം വരുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വ്യാപാരികൾക്ക് മാത്രം ഒരു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ശ്രീകണ്ഠപുരം രാജീവ് ഗാന്ധി ഹോസ്പിറ്റിലിൽ വെള്ളം കയറിയതോടെ രോഗികളും ദുരിതത്തിലായി. ദിവസവും 100ലധികം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന മലയോര മേഖലയിലെ തിരക്കേറിയ ആശുപത്രികളിലൊന്നാണിത്. ടൗണിലെ പള്ളികളിലും വെള്ളം കയറി. ശ്രീകണ്ഠപുരം സി.എച്ച് നഗറിലെ പുതിയ പള്ളി, ശാദുലി പള്ളി എന്നിവടങ്ങളിലാണ് വെള്ളം കയറിയത്.

ശനിയാഴ്ച അർദ്ധരാത്രി കാഞ്ഞിരക്കൊല്ലി, ചന്ദനക്കാംപാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതോടെയാണ്
താഴ്ന്ന പ്രദേശങ്ങളായ ശ്രീകണ്ഠപുരത്തും ചെങ്ങളായിലും വെള്ളം കയറിയത്. പുഴയോട് ചേർന്നുനിൽക്കുന്ന ടൗണായതിനാൽ ഇന്നലെ പുലർച്ചെ വെള്ളം ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലേക്കും ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്കും ഒഴുകിയെത്തുകയായിരുന്നു. പയ്യാവൂർ റോഡും, തളിപ്പറമ്പ - ഇരിട്ടി സംസ്ഥാന പാതയും പൂർണമായും വെള്ളത്തിൽ മുങ്ങി.

മഴക്കെടുതി എല്ലാവർഷവും വ്യാപാരികൾക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഇതുവരെ സർക്കാർ സഹായങ്ങൾ നൽകിയിട്ടില്ല, വ്യാപാരി വ്യവസായി ഏകോപന സമിതി മാത്രമാണ് കഴിഞ്ഞ പ്രളയത്തിലും വ്യാപാരികൾക്ക് കൈത്താങ്ങായി നിന്നത്. സർക്കാർ ഇപ്രാവശ്യമെങ്കിലും കൈത്താങ്ങാ‌കുമെന്നാണ് പ്രതീക്ഷ.

റെജി നെല്ലൻ കുഴിയിൽ, വ്യാപാരി, ശ്രീകണ്ഠപുരം

ചെങ്ങളായി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ
ചെങ്ങളായി ടൗണിൽ വെള്ളം കയറിയതോടെ ദുരിതത്തിലായ ചെങ്ങളായി പഞ്ചായത്തിൽ 13 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. ചെങ്ങളായി കൊവ്വപ്പുറം പ്രദേശത്തുനിന്നുള്ള കുടുംബങ്ങളെയാണ് താത്കാലിക ക്യാമ്പായ ചെങ്ങളായി മാപ്പിള സ്കൂളിലേക്ക് മാറ്റിയത്. നിലവിൽ 43 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജം ടീം അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വില്ലേജ് അധികാരികൾ എന്നിവർ രംഗത്തുണ്ട്.
ക്യാമ്പിലെത്തിയവരുടെ ആരോഗ്യനില ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് ആവശ്യമായ ചികിത്സയും ആരോഗ്യപരിചരണവും ഉറപ്പാക്കിയിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് ആവശ്യമായ മുൻകരുതലുകളും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MAZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL