കണ്ണൂർ: ജില്ലാ ഭരണകൂടവും കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയും ജില്ലയിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളം 2026ന്റെ സെഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടറുമായി സംവദിക്കാൻ ജില്ലയിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതാണ് കളം പരിപാടി. ഇത്തവണ കണ്ണൂർ എൻ.എൻ വിദ്യാ മന്ദിറിൽ നിന്നുമുള്ള 42 വിദ്യാർത്ഥികളാണ് കളം പരിപാടിയിൽ പങ്കെടുത്തത്. വിദ്യാർഥികളെ പത്ത് പേർ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച്, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോ കാർഡുകൾ നൽകിയ ശേഷം ചർച്ചയിലൂടെ അവരെ കുറിച്ച് ചെറുവിവരണം തയ്യറാക്കി അവതരിപ്പിക്കുന്നതായിരുന്നു പരിപാടിയുടെ ഒരു ഭാഗം. ജില്ലയുടെ പ്രത്യേകതകൾ, പ്രാധാന്യം, പ്രകൃതി വൈവിദ്ധ്യം, വ്യക്തിത്വങ്ങളെ പരിചയപെടൽ, ജെന്റർ പ്രശ്നങ്ങൾ, പൗര സമൂഹത്തിന്റെ കടമകൾ, പരിസ്ഥിതി സംക്ഷണം, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുമായി ചർച്ചകൾ നടന്നു.
തുടർന്ന് ജില്ലാ കളക്ടർ പി. വിഷ്ണു രാജ്, അസി. കളക്ടർ എസ്. സ്വാതി എന്നിവർ കുട്ടികളുമായി സംവദിച്ചു. ജീവിത വിജയത്തിനായുള്ള തൃഷ്ണ നല്ലതാണെന്നും എന്നാൽ അതിൽ ചില അതിർവരമ്പുകൾ സൂക്ഷിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സന്തോഷങ്ങളും സങ്കടങ്ങളും ഒരു പോലെ സ്വീകരിക്കാൻ മനസ്സിനെ പ്രാപ്തമാക്കണമെന്നും കളക്ടർ പറഞ്ഞു. ജെന്റർ വിഷയങ്ങളെപ്പറ്റി അസി. കളക്ടർ അഭിപ്രായം പങ്കുവച്ചു. പൊതുപ്രശ്നങ്ങൾ, അനുഭവങ്ങൾ, നിർദേശങ്ങൾ സംബന്ധിച്ച് കുട്ടികൾ കളക്ടർക്ക് കത്തെഴുതി നൽകി. ഈ കത്തുകൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. കളക്ടറുമൊന്നിച്ച് ഫോട്ടോ എടുത്ത ശേഷമാണ് വിദ്യാർത്ഥികൾ പിരിഞ്ഞത്.
ജില്ലയിലെ പൊതു- സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന 40 കുട്ടികൾക്കാണ് കളം 2026- ൽ പങ്കെടുക്കാൻ അവസരം. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പദ്ധതിയിലുൾപ്പെട്ടവർക്കാണ് കളം പരിപാടിയുടെ സംഘാടന ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |